അയ്യപ്പ സ്വാമിയുടെ ഉറക്കു പാട്ട്’ഹരിവരാസന’ത്തിന് നൂറ് തികയുന്നു

Advertisement

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ചിട്ട് 100 വര്‍ഷം. ഒന്നര വര്‍ഷം നീളുന്ന ശദാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ പന്തളത്ത് തുടക്കമാകും. പന്തളത്തെ മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എന്‍എസ്എസ് കോളജിന് മുന്നില്‍ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വര്‍മ്മയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായാണ് രാത്രി 10.55ന് മൈക്കിലൂടെ ഹരിവരാവസം കേള്‍പ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികര്‍മ്മികള്‍ നടയിറങ്ങും. പിന്നീട് എല്ലാ നിലവിളക്കും അണച്ച് മേല്‍ശാന്തി നട അടയ്ക്കും.
യേശുദാസിന്റെ ശബ്ദത്തിലുള്ള ഈ പാട്ട് നിലവിലെ താളത്തില്‍ ചിട്ടപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററാണ്. മധ്യമാവതി രാഗത്തിലാണ് ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1950 കളോടെയാണ് ഹരിവരാസനം ക്ഷേത്രത്തില്‍ ചൊല്ലാന്‍ ആരംഭിച്ചത്. 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ഈ ഗാനം വന്നതോടെയാണ് ഇതിന് ജനപ്രീതി ലഭിച്ച് തുടങ്ങിയത്.

Advertisement