കാർഷിക വായ്പ എഴുതിത്തള്ളൽ ; പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് കൊണ്ട് പകുതി പേര്‍ക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. 2014 മുതല്‍ ഒന്‍പത് സംസ്ഥാനങ്ങളിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തുടങ്ങിയത്.

2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് മൂലം ഏറ്റവും കുറച്ച് ഗുണമുണ്ടായത് തെലങ്കാനയിലാണ്. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് വായ്പ എഴുതി തള്ളിയത് മൂലം ഗുണം ലഭിച്ചത്. മധ്യപ്രദേശില്‍ പന്ത്രണ്ട് ശതമാനം കര്‍ഷകരുടെ വായ്പ എഴുതി തള്ളി. ഝാര്‍ഖണ്ഡില്‍ പതിമൂന്ന് ശതമാനം കര്‍ഷകര്‍ മാത്രമാണ് വായ്പ എഴുതിത്തള്ളാന്‍ അര്‍ഹരായത്. പഞ്ചാബില്‍ ഇത് 24 ശതമാനമായിരുന്നു. കര്‍ണാടകയില്‍ 38ഉം ഉത്തര്‍പ്രദേശില്‍ 52ഉം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി.

അതേസമയം ഛത്തീസ്ഗഡില്‍ 2018ലും മഹാരാഷ്ട്രയില്‍ 2020ലും നടപ്പാക്കിയ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയിലൂടെ യഥാക്രമം നൂറ് ശതമാനം,91ശതമാനം ആളുകള്‍ക്കും ഗുണമുണ്ടായി. ഇത്തരത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2017ല്‍ കൊണ്ടുവന്ന സമാനമായ ഒരു വായ്പ എഴുതിത്തള്ളല്‍ പദ്ധതിയിലൂടെ 34,000 കോടി രൂപയുടെ നേട്ടം 67 ലക്ഷം കര്‍ഷകര്‍ക്കുണ്ടായി. 68ശതമാനമാണ് ഗുണഭോക്താക്കളായതെന്നും എസ്ബിഐ വ്യക്തമാക്കുന്നു. ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച 2.53 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പദ്ധതിയെ ആസ്ഥാനമാക്കിയാണ് എസ്ബിഐ പഠനം നടത്തിയത്. 2014ല്‍ ആന്ധ്രാപ്രദേശും തെലങ്കാനയുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആന്ധ്രാപ്രദേശിലെ 92ശതമാനം കര്‍ഷകരും പദ്ധതിക്ക് അര്‍ഹരായിരുന്നു. അതായത് ഏകദേശം 42 ലക്ഷം കര്‍ഷകര്‍. എന്നാല്‍ തെലങ്കാനയില്‍ ഇത് കേവലം അഞ്ച് ശതമാനം മാത്രമായിരുന്നു.

3.7 ലക്ഷം കോടി കര്‍ഷകരാണ് കടം എഴുതിത്തള്ളല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായത്. രാഷ്ട്രീയ രക്ഷകര്‍ത്താക്കള്‍ ഉണ്ടാക്കിയ ആവേശത്തിനപ്പുറം നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നേടാന്‍ ഈ പദ്ധതിക്ക് ആയില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പദ്ധതി പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. ഇതിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഇവയാണ്. കര്‍ഷകരുടെ അവകാശവാദങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാരുകള്‍ തള്ളിയത് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി വിലയിരുത്തുന്നു. മതിയായ ധനം ഇല്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ക്ക് പദ്ധതി ഫലപ്രദമായി നടത്താനായില്ലെന്നതും മറ്റൊരു കാരണമായിരുന്നു. ഇതിന് പുറമെ സര്‍ക്കാരുകള്‍ മാറി വന്നതും പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായി.

പദ്ധതിയുടെ ഗുണഫലങ്ങള്‍ കര്‍ഷകരിലേക്ക് എത്തിയില്ലെന്നതിനുമപ്പുറം യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ എന്ന പദ്ധതി ആര്‍ക്കു വേണ്ടി ആയിരുന്നു എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

യഥാര്‍ത്ഥത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ പദ്ധതി ക്രെഡിറ്റ് മേഖലയെ സാരമായി ബാധിച്ചു. ഇത് കര്‍ഷകര്‍ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉത്പാദനപരമായി നടത്താനുള്ള സര്‍ക്കാരുകളുടെ ഇടം കൂടിയാണ് ഇതിലൂടെ ഇല്ലാതായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisement