കാമുകനു വേണ്ടി ലോണെടുത്തു; ഇഎംഐ അടയ്ക്കാൻ പണം നൽകാത്തതിനാൽ 25കാരി ജീവനൊടുക്കി

പുനെ: വായ്പ തിരിച്ചടയ്ക്കാൻ കാമുകൻ പണം നൽകാതിരുന്നതിനെ തുടർന്നു യുവതി ആത്മഹത്യ ചെയ്തു. പുനെയിലെ വിമാൻ നഗറിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രസിക രവീന്ദ്ര ദിവാട്ടെ (25) ആണ് മരിച്ചത്.

ബിടി കവാഡെ റോഡിൽ താമസിച്ചിരുന്ന രസിക, കാമുകനു വേണ്ടിയാണ് ബാങ്കിൽനിന്നു ലോൺ എടുത്തത്. ഒരു കാറും വാങ്ങി നൽകിയിരുന്നു. എന്നാൽ ഇവയുടെ ഇഎംഐ അടയ്ക്കാൻ കാമുകൻ പണം നൽകാതിരുന്നതിനെ തുടർന്നു രസിക ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന രസികയുടെ അമ്മയുടെ പരാതിയിൽ മഞ്ജരിയിലെ ഇസഡ് കോർണറിൽ താമസിക്കുന്ന കാമുകൻ ആദർശ് അജയ്കുമാർ മേനോനെ ഹഡപ്‌സർ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന രസികയും ആദർശും ഈ വർഷം ജനുവരി മുതൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിൽ ആദർശിനായി രസിക ഒരു കാർ വാങ്ങുകയും ഡൗൺ പേയ്‌മെന്റ് തുക നൽകുകയും ചെയ്തു. ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടയ്ക്കാമെന്നും ആദർശ് ഉറപ്പു നൽകിയിരുന്നു. രസിക തന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദർശിനു കൈമാറുകയും ചെയ്തു, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും നൽകി. ആദർശിനായി വായ്പാ ആപ്പുകൾ വഴിയും രസിക ലോൺ എടുത്തിരുന്നു.

‘‘രസിക കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മർദത്തിലായിരുന്നു. ആദർശിനായി താൻ എടുത്ത വായ്പയുടെ ഇഎംഐ അടക്കാത്തതിനാൽ വിഷമമുണ്ടെന്നും അതിനാൽ തന്നെ അത് അടയ്ക്കാൻ നിർബന്ധിതയായെന്നും അവർ എന്നോടു പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരിൽ ഇരുവരും തമ്മിൽ അടിക്കടി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും അവൾ എന്നോടു പറഞ്ഞു.’’ രസികയുടെ അമ്മ ചന്ദ പരാതിയിൽ പറഞ്ഞു.

‘‘വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് രസികയുടെ സുഹൃത്തിൽനിന്ന് ഫോൺ വിളിയെത്തി. മഞ്ജരിയിലുള്ള ആദർശിന്റെ ഫ്ലാറ്റിൽ രസിക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അവർ അവളെ ഹഡപ്‌സറിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും അറിയിച്ചു. ഞാൻ അവിടെ എത്തിയപ്പോൾ എന്റെ മകൾ മരിച്ചിരുന്നു. ആദർശ് അവിടെ നിൽക്കുകയാണ്, ഞാൻ അവന്റെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പുലർച്ചെ മൂന്ന് മണി വരെ അവർ വഴക്കിട്ടുണ്ടെന്ന് അവൻ എന്നോടു പറഞ്ഞു. ഇതിനുശേഷം മുറിയിൽ കയറിയ രസിക ആത്മഹത്യ ചെയ്യുകയായിരുന്നു.’’– ചന്ദ പരാതിയിൽ പറയുന്നു.

Advertisement