ഭീകര കേസുകളുമായി ബന്ധപ്പെട്ട് 1,250 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1,250 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

884 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടി. 98 കോടി രൂപയുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റകൃത്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ അനുസരിച്ച് നടപടികള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 250 വസ്തുവകകളാണ് കണ്ടുകെട്ടിയിട്ടുള്ളത്. പ്രതികള്‍ക്കെതിരെ 37 കുറ്റപത്രവും തയാറാക്കിയിട്ടുണ്ട്.

ഇഖ്ബാല്‍ മിര്‍ച്ചി എന്ന രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്തുകാരനാണ് പ്രതിപ്പട്ടികയിലെ പ്രധാന ആള്‍. ഇയാള്‍ 2013ല്‍ ബ്രിട്ടനില്‍ വച്ച് മരിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

ദുബായിലെ ഒരു ഹോട്ടല്‍, ബ്രിട്ടനിലെ ചില വസ്തുവകകള്‍, ഡല്‍ഹിയിലെ നാല് ഹോട്ടലുകള്‍, മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് ചിലയിടങ്ങളിലുമുള്ള പതിനഞ്ച് വസ്തുവകകള്‍, സൈപ്രസ് വാലിയിലെ ചില വസ്തുക്കള്‍ എന്നിവയും ഇഡി കണ്ടുകെട്ടിയ വസ്തുക്കളുടെ പട്ടികയിലുണ്ട്.

സക്കീര്‍ നായിക്കാണ് പ്രതിപ്പട്ടികയിലുള്ള മറ്റൊരാള്‍. ഇയാള്‍ക്കെതിരെ 193 കോടി രൂപയുടെ സാമ്പത്തിക കുറ്റകൃത്യമാണ് ഇതുവരെ ഇഡി ഇയാള്‍ക്കെതിരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 50.49 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടുകെട്ടി.

കശ്മീര് വിഘടനവാദി ഷാബിര്‍ ഷായ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ 2.08 കോടി രൂപയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 88.76 കോടിയുടേത് കണ്ടുകെട്ടി.

കശ്മീര്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ 1.87 കോടി രൂപയുടെ സാമ്പത്തിക കുറ്റകൃത്യം നടന്നതായി വ്യക്തമായിട്ടുണ്ട്. ഇതില്‍ 43.69 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടുകെട്ടി.

വടക്ക് കിഴക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി 12.42 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടുകെട്ടി.

Advertisement