ആരാധനാലയ നിയമം: മാറ്റം വരുത്തുന്നത് എന്തിന്? രാജ്യത്തെ മതേതരത്വം തകര്‍ക്കുമെന്ന് മുസ്ലീം സംഘടനകള്‍


ന്യൂഡല്‍ഹി: 1991ലെ ആരാധനാലയ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് നിരവധി സംഘടനകളും വ്യക്തികളും ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഗ്യാന്‍ വ്യാപി സംഭവത്തോടെ ഈ ഹര്‍ജികള്‍ക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.

നിയമത്തിലെ ഭേദഗതി രാജ്യത്തെ മതേതരത്വം ഇല്ലാതാക്കുമെന്നാണ് മുസ്ലീം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. വിശ്വാസത്തിനും ആരാധനയ്ക്കും അനുമതി നല്‍കുന്ന മൗലികാവകാശം സംരക്ഷിക്കുന്നതിനായാണ് 1991ല്‍ പുതിയ നിയമം കൊണ്ടുവന്നത്.

വൈദേശികര്‍ ഇന്ത്യയിലെ ആക്രമിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവിടെ പള്ളികള്‍ സ്ഥാപിച്ചതാണെന്ന് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പള്ളികള്‍ നിര്‍മ്മിക്കാന്‍ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് മുസ്ലീം സംഘടനകള്‍ അവകാശപ്പെടുന്നു. മറ്റ് നിര്‍മ്മിതകള്‍ ഉള്ള സ്ഥലം പള്ളി നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്നാണ് ഇവരുടെ വാദം. അയോധ്യകേസിലെ സുപ്രീം കോടതി വിധി തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രഭൂമിയില്‍ പള്ളി നിര്‍മ്മിക്കുന്നത് ഇസ്ലാം നിയമത്തിന് വിരുദ്ധമാണ്. നിയമപരമായ സ്ഥലത്ത് മാത്രമേ പള്ളികള്‍ നിര്‍മ്മിക്കൂ. മേല്‍ക്കൂരയും ഭിത്തിയും തൂണുകളും പൊളിച്ച് കളഞ്ഞാലും ക്ഷേത്രത്തിന്റെ സ്ഥലം മുസ്ലീം പള്ളികള്‍ നിര്‍മ്മിക്കാന്‍ വിശുദ്ധമാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അത് കൊണ്ട് തന്നെ ക്ഷേത്രം പൊളിച്ച് പള്ളി നിര്‍മ്മിച്ചു എന്ന വാദം ചരിത്രപരമായ തെറ്റാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

1192ല്‍ മുഹമ്മദ് ഘോറി പൃഥ്വിരാജ് ചൗഹാനെ തോല്‍പ്പിക്കുകയും രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തു. വിദേശഭരണം പിന്നെ 1947 ഓഗസ്റ്റ് 15 വരെ തുടര്‍ന്നു. അത് കൊണ്ട് തന്നെ രാജ്യത്തെ തകര്‍ക്കപ്പെട്ട ഹൈന്ദവ ജൈന, ബുദ്ധ, സിഖ്, ആരാധനാലയങ്ങള്‍ 1192ലെ അതേപ്രൗഢിയോടെ പുനഃസ്ഥാപിക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്നും ചോദ്യമുയരുന്നു. ഘോറി ആക്രമിച്ച ശേഷം 1947 വരെയുള്ള ഏത് തീയതികളിലും രാജ്യത്തെ ആരാധനാലയങ്ങള്‍ക്ക് നാശമുണ്ടായിട്ടുണ്ടാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement