വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിഥാലി രാജ് കളി മതിയാക്കി

മുംബൈ: വനിത ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസ താരം മിഥാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ലേഡി ടെണ്ടുൽകർ എന്ന വിശേഷണമുള്ള മിഥാലി വനിത ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരവും ഏറ്റവും കൂടുതൽ കാലം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിച്ചയാളുമാണ്.

വനിത ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് 39കാരി പരിഗണിക്കപ്പെടുന്നത്.

150 ഏകദിനങ്ങളിൽ രാജ്യത്തെ നയിച്ച മിഥാലിയുടെ പേരിലാണ് ഏകദിനത്തിൽ ഒരു ടീമിനെ ഏറ്റവും കൂടുതൽ തവണ നയിച്ച വനിത താരം എന്ന റെക്കോഡ്. 1999 ജൂൺ 26നാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 232 ഏകദിനങ്ങളിലും 12 ടെസ്റ്റുകളിലും 89 ട്വന്റി 20കളിലും അവർ ഇന്ത്യക്കായി കളത്തിലിറങ്ങി. ഏകദിനത്തിൽ 7805 റൺസാണ് ഇതിഹാസ താരം അടിച്ചെടുത്തത്.

“വർഷങ്ങളായുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെ അനുഗ്രഹത്തോടും പിന്തുണയോടും കൂടി ഞാൻ എന്റെ രണ്ടാം ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നു” വിരമിക്കൽ അറിയിച്ചുള്ള ട്വീറ്റിൽ മിഥാലി ട്വീറ്റ് ചെയ്തു.

Advertisement