രാജ്യത്തെ സേവിക്കാനുള്ള ഊർജം; വാർത്താ അവതാരകയുടെ കുറിപ്പിനോട് പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യ സേവനത്തിന് ഊർജ്ജമാകുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് ട്വീറ്ററിലൂടെ പ്രതികരിച്ചു. ത്രിരാഷ്ട്ര പര്യടന ശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയതിലുള്ള ജനങ്ങളുടെ ആവേശത്തെക്കുറിച്ചുള്ള വാർത്താ അവതാരക റൂബിക ലിയാഖത്തിന്‍റെ ട്വീറ്റിനോടായിരുന്നു പ്രതികരണം.

റൂബിക ലിയാഖത്തിന്‍റെ ട്വീറ്റ് പങ്കുവച്ച പ്രധാനമന്ത്രി, ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് രാജ്യത്തെ സേവിക്കാനുള്ള ഊർജം നൽകുന്നതെന്ന് വിവരിച്ചു. ‘രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എന്നിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നതും ഓരോ നിമിഷവും രാജ്യത്തെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും’- എന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിനെക്കുറിച്ചുള്ള സന്തോഷവും പ്രധാനമന്ത്രി ട്വിറ്ററിൽ പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എം‌ ടി‌ എച്ച്‌ എൽ) സന്തോഷം പ്രകടിപ്പിച്ച നരേന്ദ്ര മോദി, വരും തലമുറ അടിസ്ഥാന സൗകര്യങ്ങളാണ് ജനങ്ങൾക്ക് ‘ജീവിതം സുഗമമാക്കുന്നത്’ എന്നും അഭിപ്രായപ്പെട്ടു. എം‌ ടി ‌എച്ച്‌ എല്ലിന്‍റെ പ്രത്യേകതയെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്.

അതേസമയം പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആദ്യ ദൃശ്യങ്ങളും ഇന്ന് പ്രധാനമന്ത്രി ട്വിറ്റിലൂടെ പങ്കുവച്ചു. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നി‍ർമാണം ആരംഭിച്ചത്. 65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം.

Advertisement