പാളത്തിൽ വിള്ളൽ; തന്റെ ചുവന്ന സാരിയഴിച്ച്‌ അപകടസൂചന നൽകി വയോധിക, ഒഴിവായത് വൻദുരന്തം

ലക്നൗ: ഉത്തർപ്രദേശിലെ ഓംവതി എന്ന എഴുപതുകാരിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം. ബുദ്ധിമതിയായ സ്ത്രീയുടെ യുക്തിപരമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് നിരവധി ജീവനുകളാണ്.

ഇറ്റാ ജില്ലയിലെ കുസ്ബ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റെയിൽവേ പാളങ്ങൾ തകർന്നത് കണ്ടെത്തിയ ഓംവതി തന്റെ ചുവന്ന സാരി ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി, ലോക്കോപൈലറ്റിന് അപായ സൂചന നൽകി. ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു. ചുവപ്പ് നിറമാണ് അപകട സൂചന നൽകുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാദ്ധ്യതയെക്കുറിച്ച്‌ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാമെന്ന് കരുതിയാണ് താൻ സാരി അഴിച്ച്‌ ട്രാക്കിൽ കെട്ടിയതെന്നും ഓംവതി പറഞ്ഞു.

ജോലിക്കായി പതിവ് പോലെ വയലിലേക്ക് പോകുന്നതിനിടെയാണ് പാളത്തിലുണ്ടായ വലിയ വിള്ളൽ ഓംവതി കണ്ടത്. ഉടൻ ട്രെയിൻ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് അറിയാമായിരുന്നതിനാൽ അപായസൂചന നൽകാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ എന്നവർ ചുറ്റും നോക്കി. ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ചുറ്റിയിരുന്ന ചുവന്ന സാരി അഴിച്ച്‌ ട്രാക്കുകൾക്കിരുവശം കെട്ടാൻ തീരുമാനിച്ചു. തുടർന്ന്, സമീപത്തെ മരത്തിന്റെ കമ്പുകൾ മുറിച്ച്‌ ട്രാക്കിന്റെ ഇരുവശത്തും കുത്തി നിർത്തി അതിൽ അവരുടെ ചുവന്ന സാരി കെട്ടി.

ഉടൻ തന്നെ ഇറ്റായിൽ നിന്ന് തുണ്ട്‌ലയിലേക്ക് പോകുന്ന ഒരു പാസഞ്ചർ ട്രെയിൻ എത്തി. എന്നാൽ, പാളങ്ങൾക്ക് കുറുകെ ചുവന്ന നിറത്തിലുള്ള തുണി കണ്ട് അപകടം മനസിലാക്കിയ ലോക്കോപൈലറ്റ് ബ്രേക്ക് ചെയ്തു. അങ്ങനെ ഒരു വലിയ ദുരന്തം ഒഴിവായി. പിന്നീട് പാളത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ട പാസഞ്ചർ ട്രെയിനിന്റെ ഡ്രൈവർ തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ട്രാക്കുകൾ ശരിയാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷം ട്രെയിൻ യാത്ര പുനരാരംഭിക്കുകയും ചെയ്തു.

Advertisement