ട്രാക്കിൽനിന്ന പോത്തിനെ ഇടിച്ചു, വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി

വണ്ടൂർ: വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരുനിന്നും പാലക്കാട്ടേക്കു പോവുകയായിരുന്ന നിലമ്പൂർ–ഷൊർണ്ണൂർ പാസഞ്ചറിന്റെ എഞ്ചിനാണു പാളം തെറ്റിയത്.

എൻജിൻ പാളത്തിൽനിന്നും തെന്നിമാറുകയായിരുന്നു. ട്രാക്കിൽ നിന്ന പോത്തിനെ ഇടിച്ചതാണു അപകടകാരണമെന്നാണു വിവരം. ആർക്കും പരുക്കില്ല. വൈകിട്ട് അഞ്ചരയോടെയാണു സംഭവം നടന്നത്. അപകടത്തിനു പിന്നാലെ സർവീസ് റദ്ദാക്കി.

5.50നു ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പെഷൽ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. നിലമ്പൂരിൽനിന്നു എട്ടുമണിക്കു പുറപ്പെടേണ്ട നിലമ്പൂർ-ഷൊർണൂർ (06474) എക്സ്പ്രസും 8:10നു ഷൊർണൂരിൽനിന്നും നിലമ്പൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന എക്സ്പ്രസും (06475) റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് 2 മണിക്കൂർ വൈകിയേ നിലമ്പൂരിൽനിന്നു പുറപ്പെടു.

Advertisement