64 മിനിറ്റിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങൾ; ഒൻപത് വയസുകാരന് ഗിന്നസ് റെക്കോർഡ്

അഹമ്മദാബാദ്: ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങൾ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഒമ്പത് വയസുകാരൻ.

അഹമ്മദാബാദിലെ തൽതേജ് പ്രദേശത്ത് നിന്നുള്ള ദ്വിജ് ഗാന്ധി എന്ന ബാലനാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഈ ബാലൻ ഭഗവദ്ഗീത പഠിക്കാൻ തുടങ്ങിയത്. ”ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ എനിക്ക് ഏഴ് വയസ്സായിരുന്നു. എനിക്ക് ഗീത പഠിക്കാൻ വലിയ താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ ലോക്ക്ഡൗൺ സമയം പ്രയോജനപ്പെടുത്തി ശ്ലോകങ്ങൾ പഠിക്കാൻ ഞാൻ തീരുമാനിച്ചു,” ദ്വിജ് പറയുന്നു.

ദ്വിജിന്റെ ആഗ്രഹത്തിന് കുടുംബാംഗങ്ങളും മികച്ച പിന്തുണ നൽകി. വലുതാകുമ്പോൾ ഒരു ശാസ്ത്രജ്ഞനാകാനാണ് ദ്വിജ് ആഗ്രഹിക്കുന്നത്. ”സുഹൃത്തുക്കളിൽ നിന്ന് വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു,” ദ്വിജിന്റെ അമ്മ പറഞ്ഞു.

സമാനമായ റെക്കോർഡുകൾ നേടിയ മറ്റു കുട്ടികളും രാജ്യത്തുണ്ട്. കഴിഞ്ഞ വർഷം ഒഡീഷയിൽ നിന്നുള്ള ആറു വയസ്സുകാരി 24 മിനിറ്റും 50 സെക്കൻഡും കൊണ്ട് 108 മന്ത്രങ്ങൾ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂർ ജില്ലയിലെ താരദപദ ഗ്രാമത്തിൽ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക രശ്മി രഞ്ജൻ മിശ്രയുടെ ചെറുമകളായ ഡി സായ് ശ്രേയാൻസിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. വീട്ടിൽ ആഴ്ച തോറും നടക്കാറുള്ള പൂജയ്ക്കിടെ പൂജാരി ചൊല്ലുന്നത് കേട്ടാണ് മന്ത്രങ്ങൾ പഠിച്ചതെന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സായി പറയുന്നു. മാതാപിതാക്കളും മുത്തച്ഛനും തനിക്ക് വേണ്ട സഹായം നൽകിയെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

സംസ്‌കൃത ശ്ലോകങ്ങൾ ജപിച്ചുക്കൊണ്ട് 15 റൂബിക്‌സ് ക്യൂബുകൾ ശരിയായ രീതിയിൽ പരിഹരിച്ചതിന് മലയാളിയായ ഏഴു വയസുകാരി കഴിഞ്ഞ വർഷം നവംബറിൽ കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരുന്നു. ഏഴ് മിനിറ്റും 12 സെക്കൻഡും സമയമെടുത്ത് 18 സംസ്‌കൃത ശ്ലോകങ്ങൾ ജപിച്ച്‌ 15 റുബിക്‌സ് ക്യൂബുകൾ പരിഹരിച്ചതിനാണ് ഹംസിക എന്ന എറണാകുളം സ്വദേശിനിക്ക് അംഗീകാരം ലഭിച്ചത്. ആറാം വയസ്സിൽ റൂബിക്‌സ് ക്യൂബിനോട് തോന്നിയ അഭിനിവേശം ഹംസികയെ 3 ബൈ 3, 2 ബൈ 2, 4 ബൈ 4, ഫ്‌ലോപ്പി ക്യൂബ്, ക്ലോക്ക്, ബീഡ് പിരമിക്‌സ്, കോൺകേവ് ക്യൂബുകൾ, മിറർ ക്യൂബുകൾ, മേപ്പിൾ ലീഫ് എന്നിവ പരിഹരിക്കാൻ പ്രാപ്തയാക്കി. മുത്തശ്ശി സുഭദ്ര ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങൾ കേട്ടാണ് ഹംസിക ശ്ലോകങ്ങൾ ആദ്യം പഠിച്ചത്. ഹംസികയുടെ അച്ഛൻ എം ഡി പ്രിൻസ് ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റും അമ്മ രാധിക വീട്ടമ്മയുമാണ്.

Advertisement