700 സി.എൻ.ജി ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി.ക്ക് മന്ത്രിസഭാ അനുമതി

തിരുവനന്തപുരം: കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി.എൻ.ജി.
ബസ്സുകൾ വാങ്ങുന്നതിന് കെ.എസ്.ആർ.ടി.സി.ക്ക് മന്ത്രിസഭ അനുമതി നൽകി.

പട്ടികജാതി – പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുവാൻ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കും.

ജില്ലാ പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല. സ്ഥലം എം.എൽ.എ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.

കീഴടങ്ങിയ മാവോയിസ്റ്റ് പ്രവർത്തകൻ കർണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളത്ത് വീട് നിർമ്മിച്ചു നൽകും.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ (എൻ.ബി.സി.എഫ്.ഡി.സി) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആർട്ട്‌കോ ലിമിറ്റഡ് (ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സർക്കാരിന്റെ ബ്ലോക്ക് ഗവൺമെന്റ് ഗ്യാരന്റിക്ക് വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകി.

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഒമ്പതാമത് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു.ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ 46 തസ്തികകൾ സൃഷ്ടിക്കും. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് – 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് – 11 എന്നിങ്ങനെയാണ് നിയമനം.

കണ്ണൂർ സർവകലാശാലയിൽ 36 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.കേരള റിയൽ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചു.

വിവര പൊതുജന സമ്പർക്ക വകുപ്പിൽ 2018ൽ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്തികക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാർക്കും കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്കും 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

Advertisement