Home News Breaking News ‘നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ…’; മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്

‘നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ…’; മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്

ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവച്ച് സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പു നൽകുകയോ ചെയ്താൽ സമരം ജൂലൈ 20ന് തന്നെ അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. താൻ ആശുപത്രിൽ നിയമവിരുദ്ധമായ തടങ്കലിൽ കഴിയുകയാണെന്നും തൻ്റെ സഞ്ചാര സ്വാതന്ത്ര്യവും പ്രസംഗ സ്വാതന്ത്ര്യവും എല്ലാവിധ ആശയവിനിമയങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും സോനം വാങ്ചുക്ക് പറഞ്ഞു.

Also Read: സിജെപി പാർലമെന്റ് മാർച്ച്; തടയാൻ ഡൽഹി പൊലീസ്, കനത്ത ജാഗ്രതയിൽ ന​ഗരം, മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെ നിരീക്ഷിക്കും

‘ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ അല്ലെങ്കിൽ താനും സിജെപി നേതൃത്വവും പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തുകയും എംപിമാരും വിവിധ പാർട്ടി നേതാക്കളും ഈ വിഷയം ഇനി പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുകയാണെങ്കിൽ അല്ലെങ്കിൽ തന്റെ ആരോഗ്യസ്ഥിതിയോ മറ്റ് ഘടകങ്ങളോ ഇതിന് അനുവദിക്കുന്നില്ലെങ്കിൽ, എംപിമാരും വിവിധ പാർട്ടി നേതാക്കളും ആശുപത്രി സന്ദർശിച്ച് മുകളിൽ പറഞ്ഞ ഉറപ്പ് നൽകുകയാണെങ്കിൽ ജൂലൈ 20ന് നിരാഹാര സമരം അവസാനിപ്പിക്കും’- സോനം വാങ്ചുക്ക് പറഞ്ഞു.

കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ പാർലമെൻ്റിലേക്ക് നടത്തുന്ന മാർച്ച് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും വൻ വിജയമാക്കണമെന്നും സോനം വാങ്ചുക്ക് ആഹ്വാനം ചെയ്തിരുന്നു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെൻ്റ് മാർച്ച് ഇന്ന് രാവിലെ ഒൻപതുമണിക്ക് ആരംഭിക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. മെട്രോ സ്റ്റേഷൻ വഴി എത്തുന്നവരെ നിരീക്ഷിക്കും. ആവശ്യമെങ്കിൽ ചില മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചേക്കും. പുലർച്ചെ മുതൽ ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് യുവാക്കൾ ഒഴുകിയെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here