28.3 C
Kollam
Tuesday 18th August, 2026 | 10:20:30 AM
Home News Breaking News റെയിൽവേ ക്രോസിന്റെ ​ഗേറ്റ് അടച്ചില്ല; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചു, 2 കുട്ടികൾ ഉൾപ്പടെ 3...

റെയിൽവേ ക്രോസിന്റെ ​ഗേറ്റ് അടച്ചില്ല; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചു, 2 കുട്ടികൾ ഉൾപ്പടെ 3 മരണം

കൊൽക്കത്ത: ട്രെയിൻ സ്കൂൾ വാനിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ ബം​ഗാളിലെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നുകൊടുത്തതാണ് വലിയ ദുരന്തത്തിന് കാരണമായത്.

കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണ സുബർണ സ്റ്റേഷനു സമീപമുള്ള ലെവൽ ക്രോസിങ് മുറിച്ചുകടക്കുകയായിരുന്നു സ്‌കൂൾ വാനെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അപകടത്തിൽ സ്കൂൾ വാൻ പൂർണമായും തകർന്നു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും അപകട സ്ഥലം സന്ദർശിച്ചു. ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ ​​ഗുരുതര വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.