ലക്‌നൗ: ആഗ്രയില്‍ സേവനമനുഷ്ടിച്ചിരുന്ന അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ലളിത് കുമാറിന്റെ വസതികളില്‍ വിജിലന്‍സിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 1.62 കോടി രൂപയും 13 കിലോ സ്വര്‍ണാഭരണങ്ങളുമാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് വാങ്ങിയാണ് വിജിലന്‍സ് ഒരേസമയം വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ലോക്കറുകള്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ വിജിലന്‍സ് സംഘം വീടിന്റെ മുക്കും മൂലയും വിശദമായി പരിശോധിപ്പോഴാണ് ലോക്കറുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയ രഹസ്യ ലോക്കറുകളില്‍ വന്‍തോതില്‍ പണവും സ്വര്‍ണാഭരണങ്ങളും മറ്റ് പ്രധാനപ്പെട്ട രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രഹസ്യ അറകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങള്‍ക്ക് പോലും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പരിശോധനയ്ക്കിടെ ലളിതിന്റെ ഡിജിറ്റല്‍ ലോക്കര്‍ കണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ലോക്കര്‍ തുറക്കാനായി പാസ്വേഡ് ചോദിപ്പോള്‍, ഓര്‍മ്മയില്ലെന്ന് പറഞ്ഞ് ലളിത് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ രണ്ടു മണിക്കൂറോളം പരിശോധന തടസപ്പെട്ടു. ഒടുവില്‍ സാങ്കേതിക വിദഗ്ദ്ധരെ വരുത്തിച്ചാണ് വിജിലന്‍സ് ലോക്കര്‍ തകര്‍ത്തത്.ലോക്കറുകളില്‍ നിന്നും വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെടുത്തത്. കൂടാതെ, വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന 13 കിലോ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവയും പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാന്‍ വിജിലന്‍സ് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്.പണത്തിനും സ്വര്‍ണത്തിനും പുറമെ കോടികളുടെ നിക്ഷേപ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ലക്‌നൗ, ആഗ്ര, നോയിഡ തുടങ്ങിയ നഗരങ്ങളില്‍ ലളിത് കുമാറും കുടുംബവും കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വീടുകളും വാങ്ങിക്കൂട്ടിയതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ബിനാമി സ്വത്തുക്കള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്.
പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറന്‍സിക്, പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം ലളിത് കുമാറിനെതിരെ ‘അഴിമതി നിരോധന നിയമപ്രകാരം’ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.




























