25.5 C
Kollam
Saturday 11th July, 2026 | 04:34:59 AM
Home News National ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുക…. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുക…. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെടാന്‍ റണ്‍വേയിലേക്ക് നീങ്ങുകയായിരുന്ന ഇന്‍ഡിഗോ 6 ഇ 6017 വിമാനത്തിലാണ് സംഭവം.


കൃത്യസമയത്ത് പുക കണ്ടെത്താനായതിനാലും സുരക്ഷാ മാനദണ്ഡങ്ങള്‍ വേഗത്തില്‍ പാലിച്ചതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.


ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി വിമാനം റണ്‍വേയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് വിമാനത്തിന്റെ കാബിനുള്ളില്‍ പുക കാണപ്പെട്ടത്. പുക ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും വിമാനം അടിയന്തരമായി ബേയിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു.


തുടര്‍ന്ന് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വഴിയും മറ്റ് അടിയന്തര സംവിധാനങ്ങള്‍ ഉപയോഗിച്ചും യാത്രക്കാരെയും ജീവനക്കാരെയും വേഗത്തില്‍ പുറത്തെത്തിച്ചു. പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം കണ്ടെത്താന്‍ വിമാനത്തില്‍ വിശദമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്.


വിമാനത്തിനുള്ളിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ പുകയ്ക്ക് പിന്നിലെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം അന്വേഷിക്കും. യാത്രക്കാര്‍ക്ക് ചെന്നൈയിലേക്ക് പോകുന്നതിനായി മറ്റൊരു വിമാനം എയര്‍ലൈന്‍സ് അധികൃതര്‍ ക്രമീകരിച്ചിട്ടുണ്ട്.