മുസ്ലീം ലീഗിന്റെ ചിന്താധാരകളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്, നരേന്ദ്രമോദി

റായ്പൂര്‍: മുസ്ലീം ലീഗിന്റെ ചിന്താധാരകളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അഴിമതിക്കാരില്‍ നിന്നുംഭാരതത്തെ സംരക്ഷിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഭാരതം എന്റെ കുടുംബമാണ്, എന്റെ രാജ്യത്തെയും കുടുംബത്തെയും കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് നിന്നും അഴിമതിക്കാരെ നീക്കം ചെയ്യുക തന്നെ ചെയ്യും. എനിക്കെതിരെ എത്ര ഭീഷണികള്‍ മുഴക്കിയാലും അഴിമതിക്കാര്‍ ജയിലില്‍ പോകേണ്ടിവരും, ഇതാണ് മോദിയുടെ ഗ്യാരന്റി.

കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ സമയത്ത് ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുകയും റേഷന്‍ കൊടുക്കുകയും ചെയതു. ഈ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.’- പ്രധാനമന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡില്‍ ഏപ്രില്‍ 19, 26, മെയ് 7 തീയതികളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ബസ്തറില്‍ ഏപ്രില്‍ 19-നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 4-നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Advertisement