രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയുടെ വേദിയിൽ ബിജെപി സ്ഥാനാർഥിയുടെ ഫോട്ടോ

മധ്യപ്രദേശ്: രാഹുൽഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ബാനർ.കേന്ദ്രമന്ത്രിയും മണ്ഡ്ല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തെയുടെ ഫോട്ടോയാണ് കോൺഗ്രസിന്റെ ഫ്ളക്സ് ബോർഡിൽ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോ മാറിയെന്ന് മനസിലായതോടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ബോർഡിൽ ചിത്രം മാറ്റുകയും പകരം കോൺഗ്രസ് എംഎൽഎയും സ്ഥാനാർഥിയുമായ രജനീഷ് ഹർവൻഷ് സിങ്ങിന്റെ ഫോട്ടോ ഉൾപ്പെടുത്തുകയും ചെയ്തു.

മണ്ഡലത്തിലെ സ്ഥാനാർഥിയായ രജനീഷ് ഹർവൻഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് പ്രവർത്തകർക്ക് അബദ്ധം സംഭവിച്ചത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയുടെയും ഫോട്ടോ കയറിക്കൂടിയത്.

പൊതുസമ്മേളനം നടക്കുന്ന വേദിയിൽ സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ നീക്കം ചെയ്യുന്നതിൻറെ വിഡീയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisement