നടുക്കടലിൽ മത്സ്യ തൊഴിലാളികൾ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി സംഭവം തമിഴ് നാട് നാഗപട്ടണത്ത്

 നാഗപട്ടണം . തമിഴ് നാട് നാഗപട്ടണത്ത് മത്സ്യ തൊഴിലാളികൾ നടുക്കടലിൽ ഏറ്റുമുട്ടി. ഒരാൾ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. ഗുരുതരമായി പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കേസിൽ ഏഴു പേരെ തീരദേശ സംരക്ഷണ സേന അറസ്റ്റു ചെയ്തു.

നാഗപട്ടണം തീരത്തു നിന്നു രണ്ടു മൈൽ അകലെ ഇന്നലെ രാത്രിയിലാണ് സംഭവം. കൊല്ലപ്പെട്ട അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവനും സഹോദരങ്ങളും ഇവിടെ വലയിട്ട് മത്സ്യബന്ധനത്തിലായിരുന്നു. ആ സമയത്ത് അതിലെ മറ്റൊരു ബോട്ടിൽ എത്തിയ കീച്ചങ്കുപ്പം ഗ്രാമത്തിലെ മത്സ്യതൊഴിലാളികൾ ഇവരുടെ വല മുറിച്ചു കളഞ്ഞു. തുടർന്നാണ് വാക്കേറ്റമുണ്ടായത്. സംഘർഷത്തിനിടെ കീച്ചങ്കുപ്പത്തെ തൊഴിലാളികൾ എത്തിയ ബോട്ട് ശിവനേശൻ്റെ ബോട്ടിൽ ഇടിപ്പിച്ചു. ഇതോടെയാണ് ബോട്ട് മറിഞ്ഞ് ശിവനേശനും സഹോദരങ്ങളായ കാലാദിനാദനും ആത്മനാഥനും കടലിൽ വീണത്.


അതുവഴിയെത്തിയ മറ്റ് മത്സ്യതൊഴിലാളികളാണ് ശിവനേശനെയും ആത്മനാഥിനെയും കരക്കെത്തിച്ചത്. ഏറെ നേരം തെരഞ്ഞെങ്കിലും കാലാദിനാഥനെ കണ്ടെത്താൻ കഴിഞ്ഞില്ല. കരയിൽ എത്തുമ്പോഴേയ്ക്കും ശിവനേശൻ മരിച്ചു. ആത്മനാഥൻ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട  കീച്ചങ്കുപ്പം ഗ്രാമത്തിലെ ഏഴു പേരെ വേദാരണ്യത്തു വച്ച് തീരദേശ സംരക്ഷണ സേന അറസ്റ്റുചെയ്തു. ബോട്ടിൻ്റെ ഉടമസ്ഥനെയും ഡ്രൈവറെയും പൊലിസ് തിരയുന്നുണ്ട്. സ്ഥിരമായി ഈ രണ്ട് ഗ്രാമങ്ങൾ തമ്മിൽ സംഘർഷമുണ്ടാകാറുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇവിടെ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 
Advertisement