ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ വൺ ലക്ഷ്യ സ്ഥാനത്ത്,ദൗത്യം ഇങ്ങനെ

ശ്രീഹരിക്കോട്ട . ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ വൺ ലക്ഷ്യ സ്ഥാനത്തെത്തി. നാലുമാസം നീണ്ട യാത്രയ്ക്കൊടുവിലാണ് ലഗ്രാഞ്ച് പോയിന്റ് വണ്ണിൽ എത്തിയത് . പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സിലൂടെ ആദിത്യയുടെ വിജയം പങ്കുവെച്ചത് അഞ്ച് വർഷവും രണ്ടുമാസവും നീളുന്ന സൗരപഠനമാണ് ആദിത്യയുടെ ദൗത്യം. സൗരദൗത്യം സങ്കീർണമായിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു.

സൂര്യനെ കുറിച്ച് അറിയാനുള്ള ശാസ്ത്ര ലോകത്തിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റെ വണ്ണിലെ ഹാലോ ഓർബിറ്റിൽ ആദിത്യ എത്തി. സൂര്യനെ കുറിച്ചും ലഗ്രാഞ്ച് പോയിന്റിനെ കുറിച്ചുമുള്ള കൗതുകങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആദിത്യ കണ്ടെത്തും. പേടകത്തിലുള്ള ഏഴിൽ നാല് പേലോഡുകളും സൂര്യനെ കുറിച്ച് നേരിട്ട് പഠിക്കും. ബാക്കിയുള്ള മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റിനെ കുറിച്ചാണ് പഠനം നടത്തുക. ആദിത്യ എൽ വൺ ദൗത്യം ഏറെ സങ്കീർണമായിരുന്നുവെന്നും എന്നാൽ അതിനെ വെല്ലുവിളിയെന്ന് പറയുന്നില്ലെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് പ്രതികരിച്ചു.


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2023 സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്. പിന്നീട് നാല് തവണകളിൽ ഭ്രമണപഥമുയർത്തി, അഞ്ചാം ഘട്ടത്തിൽ ഭൂമിയുടെ പാതവിട്ട്  ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചു. സൂര്യന്റെ പാളികളെ കുറിച്ചും പുറത്തെ പാളിയായ കൊറോണയെ കുറിച്ചുമാണ് ആദിത്യ പഠിക്കുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം സമമാകുന്ന ലഗ്രാഞ്ച് വൺ പോയിന്റിൽ നിന്ന് തടസങ്ങളില്ലാതെ ആദിത്യയ്ക്ക് സൂര്യനെ പഠിക്കാനാകും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് പോയിന്റ് വൺ ഉള്ളത്. 
Advertisement