ഐഎസ്ആർഒയുടെ സൗരദൗത്യമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ശ്രീഹരിക്കോട്ട. ഐഎസ്ആർഒയുടെ സൗരദൗത്യമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. നാല് മാസം നീണ്ട യാത്രയ്ക്കൊടുവിലാണ് ആദിത്യ, ലഗ്രാഞ്ച് പോയിൻ്റ് വണിൽ എത്തുക. വൈകിട്ട് നാലു മണിയോടെ എത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിട്ടുള്ളത്. 2023 സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽവൺ വിക്ഷേപിച്ചത്. പിന്നീട് നാല് തവണകളിൽ ഭ്രമണപഥമുയർത്തി, അഞ്ചാം ഘട്ടത്തിൽ ഭൂമിയുടെ പാത വിട്ട് ലഗ്രാഞ്ച് പോയിൻ്റിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. സൂര്യന്റെ ഫൊട്ടോ സ്ഫിയർ , ക്രോമോസ്ഫിയർ പാളികളെ കുറിച്ചും പുറത്തെ പാളിയായ കൊറോനയെ കുറിച്ചുമാണ് ആദിത്യ പഠിയ്ക്കുക. അഞ്ച് വർഷവും രണ്ട് മാസവും നീളുന്നതാണ് പഠനം.

സൂര്യൻ്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം സമമാകുന്ന ഇടമാണ് ലഗ്രാഞ്ച് വൺ പോയിൻ്റ് . തടസങ്ങളില്ലാതെ സൂര്യനെ പഠിയ്ക്കാനാണ് ലഗ്രാഞ്ച് വൺ പോയിൻ്റ് തന്നെ ഐഎസ്ആർഒ തെരഞ്ഞെടുത്തത്. പേടകത്തിലുള്ള ഏഴ് പേ ലോഡുകളിൽ നാലെണ്ണം സൂര്യനെ കുറിച്ച് നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിൻ്റിനെ കുറിച്ചും പഠിയ്ക്കും. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് വൺ പോയിൻ്റുള്ളത്. ഇവിടുത്തെ ഹാലോ ഓർബിറ്റിലാണ് ആദിത്യയെ ഇന്ന് എത്തിയ്ക്കുക.

Advertisement