‘പയ്യന്മാരെ വഴി നടക്കാനും സമ്മതിക്കില്ല’; യുവാക്കളെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിപ്പിക്കുന്നത് വർധിക്കുന്നു!

പട്ന: ബി​ഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പലരെയും തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തിയാണ് വിവാഹം കഴിപ്പിക്കുന്നത്.

തങ്ങളുടെ പെൺമക്കൾക്ക് അനുയോജ്യരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാരെ ലഭിക്കാത്തതാണ് ഈ കടുംകൈയിന് കാരണം. ഇനി വിദ്യാഭ്യാസവും ജോലിയുമുള്ള ചെറുപ്പക്കാരാകട്ടെ വലിയ സ്ത്രീധനവും ആവശ്യപ്പെടും.

കഴിഞ്ഞ ദിവസമാണ് വൈശാലി ജില്ലയിൽ നിന്ന് സ്കൂൾ അധ്യാപകനായി ജോലി കിട്ടിയ ​ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയത്. ബിപിഎസ്‍സി പരീക്ഷയും ഇയാൾ പാസായിരുന്നു. സ്കൂളിലേക്ക് എസ്‍യുവിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് ഇദ്ദേഹത്തെ കാണുന്നത് വിവാഹിതനായി നിൽക്കുന്ന ഫോട്ടായിലാണ്. കഴുത്തിൽ തോക്കുവെച്ച് തന്നോട് താലികെട്ടാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ​ഗൗതംകുമാർ പറഞ്ഞു.

പൊലീസെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. ബ്രിജ്ഭൂഷൻ റായി എന്നയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസെടുക്കുകയും ചെയ്തു. വധുവിന്റെ പിതാവ് രാജേഷ് റായ് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. കോടതിയിലും ​ഗൗതം കുമാർ മൊഴി നൽകി. തന്റെ കുടുംബത്തിന് നേരെയും ഭീഷണിയുണ്ടായെന്ന് ​ഗൗതം വ്യക്തമാക്കി. ഈയടുത്താണ് തോക്കിൻമുനയിൽ നടത്തിയ കല്യാണം കോടതി അസാധുവാക്കിയത്.

പല കേസുകളിലും വധുവിന്റെ കുടുംബം കൂടുതൽ ശക്തരായതിനാലും വരന്റെ കുടുംബം ഭയം കാരണം നിശബ്ദത പാലിക്കുന്നതിനാലും പുറത്തുവരുന്നില്ല. ബിഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ അഭാവം പെൺവീട്ടുകാരെ അലട്ടുന്ന സംഭവമാണ്.

Advertisement