എഎപി എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ്; ഒന്നും കിട്ടില്ലെന്ന് കേജ്‌രിവാൾ, രാജിവയ്ക്കണമെന്ന് ബിജെപി

ന്യൂഡൽഹിഛ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നഗരത്തിലെ വിവിധയിടങ്ങളിലും എഎപി ആസ്ഥാനത്തിനു പുറത്തും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. സഞ്ജയ് സിങ്ങിന്റെ വീട്ടിൽ ഇന്നു പുലർച്ചെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്.

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുടെ സൂത്രധാരൻ കേജ്‌രിവാളിന്റെ സുഹൃത്തായ സഞ്ജയ് സിങ്ങാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഡൽഹിയിൽ എഎപി ആസ്ഥാനത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം, പാർലമെന്റിൽ അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് കേന്ദ്രം സഞ്ജയ് സിങ്ങിനെ ലക്ഷ്യമിടുന്നതെന്ന് എഎപി വൃത്തങ്ങൾ പ്രതികരിച്ചു.

പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടുതൽ റെയ്ഡ് ഉണ്ടാവുമെന്നും, സഞ്ജയ് സിങ്ങിന്റെ വീട്ടിൽനിന്ന് ഇഡിക്ക് ഒന്നും കണ്ടെത്താനാവില്ലെന്നും കേജ്‌രിവാൾ പ്രതികരിച്ചു. ഇന്നലെ പത്രപ്രവർത്തകരെ റെയ്ഡ് ചെയ്തു, ഇന്ന് സഞ്ജയ് സിങ്, നാളെ നിങ്ങളെത്തേടിയും അവർ വരും. കഴിഞ്ഞ ഒരുവർഷമായി അവർ നിരവധി റെയ്ഡ് നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തിരഞ്ഞെടുപ്പ് അടുക്കാറായെന്നും ബിജെപിക്ക് തോൽക്കുമെന്ന ഭയമുണ്ടെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

2021-22ലെ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റർ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടർന്ന് മദ്യനയം സർക്കാരിനു പിൻവലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നയരൂപീകരണത്തിൽ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വൻതുക കൈക്കൂലി നൽകിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിൽനിന്ന് ആറ് ശതമാനം ഇടനിലക്കാർ വഴി പൊതുപ്രവർത്തകർക്കു ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.

Advertisement