അലഞ്ഞുനടക്കുന്ന പന്നികൾ, പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞ് ഓട: ‘ദുരന്ത’മായി ആശുപത്രി പരിസരം

മുംബൈ: 48 മണിക്കൂറിനിടെ 31 പേർ മരിച്ച മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ശങ്കർ റാവു ചവാൻ സർക്കാർ ആശുപത്രിയുടെ മോശം അവസ്ഥ സൂചിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആശുപത്രി പരിസരത്ത് പന്നികൾ നടന്നുനീങ്ങുകയും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയുമാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

പന്നികൾ നടന്നു നീങ്ങുന്നതിനിടെ, രോഗികളുടെ ബന്ധുക്കൾ പാത്രങ്ങളും മറ്റും കഴുകുകയും പല്ലു തേക്കുകയും ചെയ്യുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷമാണ് ആശുപത്രിക്ക് ചുറ്റുമെന്ന് കാണിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

പ്ലാസ്റ്റിക് കുപ്പികളും മറ്റും ഓടയിൽ കുടുങ്ങിക്കിടക്കുന്നു. ആശുപത്രി കന്റീനിനു സമീപത്തുള്ള ഓവുചാലിനു സമീപമാണ് പന്നികൾ നടന്നുനീങ്ങുന്നത്. സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിൽനിന്നുള്ള ഇത്തരം കാഴ്ചകൾ ആശുപത്രി ശുചിത്വത്തെ കുറിച്ച് ആശങ്കാവഹമായ ചോദ്യമാണ് ഉയർത്തുന്നത്.

‘ഇവിടെ എല്ലായ്പ്പോഴും ഇങ്ങനെയാണ്’ എന്നാണ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിയിരിപ്പിന് എത്തിയ സ്ത്രീ പറയുന്നത്. ‘ഇവിടെ ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ ഞങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. മരുന്നുകൾ പോലും ഞങ്ങൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഈ പാവപ്പെട്ട ‍ജനങ്ങൾ എവിടെപ്പോകും?’– മറ്റൊരു സ്ത്രീ ചോദിക്കുന്നു. ‘ഇവിടുത്തെ പ്രസവ വാർഡിന്റെ അവസ്ഥ കണ്ടാൽ മനസ്സിലാകും ഇവിടെയുള്ള രോഗികൾ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന്’– മറ്റൊരു സ്ത്രീ പറഞ്ഞു.

ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറവാണെന്നും ആക്ഷേപമുണ്ട്. വിവിധ വാർഡുകളിൽ ഒരാൾ തന്നെയാകും മിക്കപ്പോഴും ശുചീകരണം നടത്തുകയെന്നും പറയുന്നു. ‘പന്നികൾ എന്നും ഇവിടെ ചുറ്റിനടക്കാറുണ്ട്. അവർ മാലിന്യം ഭക്ഷിക്കുന്നു. ഒരു വാർഡിൽ രണ്ടോ മൂന്നോ ശുചീകരണ തൊഴിലാളികൾ ആവശ്യമാണ്. എങ്ങനെയാണ് ഒരാൾക്ക് പല വാർഡുകൾ കൈകാര്യം ചെയ്യാൻ കഴിയുക’– ഒരു തൊഴിലാളി ചോദിച്ചു.

നാന്ദേഡ് ജില്ലയിലെ ശങ്കർ റാവു ചവാൻ സർക്കാർ ആശുപത്രിയിൽ മരുന്നും പരിചരണവും ലഭിക്കാതെ 48 മണിക്കൂറിൽ 31 പേരാണ് മരിച്ചത്. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ 12 കുട്ടികളടക്കം 24 പേരാണു മരിച്ചത്. ഇന്നലെ 4 കുട്ടികളടക്കം 7 പേർ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. എഴുപതിലേറെപ്പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഹൃദ്രോഗികളും ന്യുമോണിയ ബാധിതരും ഹൃദയം, വൃക്ക, കരൾ രോഗികളുമാണു മരിച്ചവരിലേറെയും. പാമ്പുകടിയേറ്റും അപകടത്തിൽപെട്ടും ചികിത്സ േതടിയവരും ജീവൻ നഷ്ടപ്പെട്ടവരിലുൾപ്പെടുന്നു.
മെഡിക്കൽ കോളജിലെ ആക്ടിങ് ഡീനായ ഡോക്ടറെക്കൊണ്ട് ശിവസേനാ (ഷിൻഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീൽ ആശുപത്രിയിലെ‍ ശുചിമുറി വൃത്തിയാക്കിക്കുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. നാന്ദേഡിനു തൊട്ടടുത്ത ഹിൻഗോളിയിൽ നിന്നുള്ള എംപിയായ പാട്ടീൽ ദുരന്തമറിഞ്ഞാണ് ആശുപത്രിയിലെത്തിയത്. സംഭവത്തിൽ എംപിക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Advertisement