സഹപ്രവർത്തകയെ കൊന്ന് കനാലിൽ തള്ളി, വർഷങ്ങൾ കുടുംബത്തെ തെറ്റിധരിപ്പിച്ചു, ഒടുവിൽ പൊലീസുകാരൻ കുടുങ്ങി

ന്യൂഡൽഹി: മുൻ സഹപ്രവർത്തകയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞ സംഭവത്തിൽരണ്ട് വർഷത്തിന് ശേഷം പൊലീസുകാരൻ അറസ്റ്റിൽ. മോന യാദവ് എന്ന പൊലീസുകാരിയെ കാണാതായതിൽ നീതി തേടിയുള്ള സഹോദരിയുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അറസ്റ്റ്.

2021ലാണ് മോന യാദവിനെ കാണാതാവുന്നത്. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ സ്വദേശിനിയായിരുന്നു മോന. ഉത്തർ പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് വെടിയേറ്റ് 2011ലാണ് കൊല്ലപ്പെട്ടത്. മകളെ ഐഎഎസ് ഉദ്യോഗസ്ഥയായി കാണണം എന്ന പിതാവിന്റെ ആഗ്രഹം പിന്തുടർന്ന മോന 2014ലാണ് ഡൽഹി പൊലീസിൽ ചേരുന്നത്.

കൺട്രോൾ റൂമിലെ പരിശീലന കാലയളവിലാണ് റാണ എന്ന ഹെഡ് കോൺസ്റ്റബിളിനെ മോന പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാളുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് 27കാരിയായ മോനയെ 2021 ൽ ഇയാൾ കൊലപ്പെടുത്തിയത്. ഭാര്യയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു ഇയാൾ കേസ് ഒതുക്കി വച്ചത്. മോന പൊലീസിൽ ചേർന്ന സമയത്ത് റാണ ഇവരുടെ ഉത്തർ പ്രദേശിലെ വീട് സന്ദർശിച്ചിരുന്നു. യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായാണ് മോന 2020ൽ മുഖർജി നഗറിൽ താമസം ആരംഭിച്ചത്. മകളെ പോലെ മോനയെ കരുതിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മോനയുടെ കുടുംബത്തിനും അടുപ്പമുണ്ടായിരുന്നു.

2021 ഒക്ടോബറിലാണ് മോനയെ കാണാതാവുന്നത്. സുരേന്ദ്ര റാണയോട് മകളേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം വിവരമില്ലെന്നായിരുന്നു മറുപടി. ഇതോടെ മോനയുടെ സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ മോന ജീവിച്ചിരിക്കുന്നതായും വിവാഹിതയായും വിവരം ലഭിച്ചതായി ഇയാൾ കുടുംബത്തെ അറിയിച്ചു. റാണയുടെ ഭാര്യ സഹോദരനെയാണ് വിവാഹം ചെയ്തതെന്നാണ് റാണ വിശദമാക്കിയത്. വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ ഒളിവിലാണ് രണ്ട് പേരുമെന്നായിരുന്നു ഇയാൾ വ്യക്തമാക്കിയത്. ഇതോടെ മോനയുടെ സഹോദരിക്ക് സംശയമായി. കുടുംബത്തെ മോനയുടെ ശബ്ദം കേൾപ്പിച്ച് തെറ്റിധരിപ്പിക്കാനും പൊലീസുകാരൻ ശ്രമിച്ചു. എന്നാൽ മോനയുടെ എടിഎം കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച സഹോദരിക്ക് കാർഡ് ഉപയോഗിച്ച സമയത്ത് കണ്ടെത്താൻ കഴിഞ്ഞത് പുരുഷൻമാരെ മാത്രമായിരുന്നു. റാണ നൽകിയ വിവരം പിന്തുടർന്ന് നിരവധി സ്ഥലങ്ങളിലെത്തിയെങ്കിലും അനുജത്തിയെ മാത്രം കണ്ടെത്താനാവാതെ വന്നതോടെയാണ് കുടുംബത്തിന് റാണയെ സംശയമായത്. ഇതിനിടെ മോനയെന്ന പേരിൽ റാണ ഒരു സത്രീയെ കൊവിഡ് വാക്സിനടക്കം ഏടുപ്പിച്ചിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റ് കൂടി കണ്ടതോടെയാണ് തങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന സംശയം അധികരിച്ചത്.

ഇതോടെ ഡൽഹി പൊലീസ് കമ്മീഷണറെ കണ്ട് മോനയുടെ സഹോദരി കേസിലെ വിവരങ്ങൾ ധരിപ്പിച്ചു. കാണാതായി എട്ടാം മാസമായിരുന്നു ഇത്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതും സംഭവത്തിലെ ദുരൂഹത നീങ്ങുന്നതും. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മോനയുടെ സഹോദരി. കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്തുന്നതിനായി മോനയുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കണമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇവർ അഭ്യർത്ഥിക്കുന്നത്.

Advertisement