മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

ഉജ്ജയിൻ: സ്കൂളിലെ പരീക്ഷ എഴുതാനായാണു മകൾ വീട്ടിൽ നിന്നിറങ്ങിയതെന്നു ഉജ്ജയിനിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്. ‘‘മകളെ കാണാതായ സെപ്റ്റംബർ 24നു കുട്ടി സ്കൂളിൽ പരീക്ഷ എഴുതാനായി പോയതായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണു സ്കൂളിലേക്കുള്ളത്. നടന്നാണ് മകൾ സ്കൂളിലേക്കു പോയത്.

കുട്ടി തിരികെ വരാതായതോടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു. എങ്കിലും കണ്ടെത്താനായില്ല. തുടർന്നു സെപ്റ്റംബർ 25ന് പൊലീസിൽ പരാതി നൽകി. റോഡിലൂടെ നടക്കുന്ന മകളുടെ വിഡിയോ ദൃശ്യം കണ്ടതോടെ പെൺകുട്ടി ഉജ്ജയനിലാണെന്നു മനസിലായി’’ – പെൺകുട്ടിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഉജ്ജയിനിൽ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലിൽ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാർ ആട്ടിപ്പായിച്ചതു വൻ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെൺകുട്ടി അർധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്നു 15 കിലോമീറ്റർ അകലെ ബാഗ്‌നഗർ റോഡിലെ സിസിടിവിയിൽനിന്നാണു ദൃശ്യം ലഭിച്ചത്. പെൺകുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രധാന പ്രതിയായ ഭരത് സോണിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്നും പൊലീസ് പറഞ്ഞു.

Advertisement