വജ്രങ്ങൾ റോഡിൽ ചിതറി എന്ന് അഭ്യൂഹം; തെരുവുകളിൽ വജ്രം തിരഞ്ഞ് നാട്ടുകാർ; പിന്നാലെ ട്വിസ്റ്റ് !

വജ്രവ്യാപാരത്തിന് പേരുകേണ്ട ഇന്ത്യൻ നഗരമാണ് സൂറത്ത്. കഴിഞ്ഞ ദിവസം സൂറത്തിൽ ഒരു വാർത്ത കാട്ടുതീ പോലെ പടർന്നു.

ഒരു വജ്രവ്യാപാരിയുടെ കൈയിൽ നിന്നും കോടിക്കണക്കിന് രൂപ വില വരുന്ന വജ്രങ്ങൾ റോഡിൽ വീണുവെന്നതായിരുന്നു ആ വാർത്ത. പിന്നാലെ തെരുവ് മുഴുവൻ റോഡിൽ വജ്രം തപ്പാനിറങ്ങി. ആളുകൾ പൊരിവെയിലത്ത് റോഡിൽ കുത്തിയിരുന്നു വജ്രം നോക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

ചിലർ പൊടി നിറഞ്ഞ റോഡിൽ നിന്ന് ചെറിയ രത്നങ്ങൾ പെറുക്കിയെടുത്ത് പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, തെരുവുകളിൽ നിന്ന് കണ്ടെത്തിയ രത്നങ്ങൾ, അമേരിക്കൻ വജ്രങ്ങളായിരുന്നു, സാധാരണയായി അനുകരണ ആഭരണങ്ങളിലും സാരി അലങ്കാരങ്ങളിലും ഉപയോഗിക്കുന്നതായിരുന്നു അത്. വില കുറഞ്ഞ രത്നങ്ങൾ. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വജ്ര വ്യാപാരികൾ തങ്ങളുടെ വജ്രങ്ങൾ റോഡിൽ ഉപേക്ഷിച്ചുവെന്ന കിംവദന്തിക്ക് അവസാനമായി. കേട്ട വാർത്ത സത്യമാണോയെന്ന് പോലും പരിശോധിക്കാതെയാണ് ഒരു തെരുവിലെ ജനങ്ങൾ മുഴുവനും പൊരിവെയിലത്ത് റോഡിൽ കുത്തിയിരുന്ന് വജ്രം അന്വേഷിച്ചതെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു.

“രാവിലെ, ഇവിടെ ഒരാൾക്ക് ഒരു ഡയമണ്ട് പാക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. ഞാൻ എത്തിയപ്പോൾ കണ്ടത് വഴികളെല്ലാം വൃത്തിയാക്കി ആളുകൾ വജ്രങ്ങൾ തിരയുന്നതായിരുന്നു. ചിലർ ബ്രഷ് ഉപയോഗിച്ച് റോഡിൽ നിന്ന് പൊടി ശേഖരിക്കുകയായിരുന്നു. ഒരാൾ ഒരു വജ്രം കണ്ടെത്തി, പക്ഷേ അത് ഡ്യൂപ്ലിക്കേറ്റ് വജ്രമായി മാറി – അനുകരണ ആഭരണങ്ങളിലോ സാരി വർക്കിലോ ഉപയോഗിക്കുന്ന ഒരു അമേരിക്കൻ വജ്രം. ആളുകളെ ആകർഷിക്കുന്ന ഒരു തമാശ ആരോ കളിച്ചതായി തോന്നുന്നു. ” വജ്രം അന്വേഷിച്ച് റോഡിൽ കുത്തിയിരുന്നവരിൽ ഒരാളായ അരവിന്ദ് പൻസേരിയ മാധ്യമങ്ങളോട് പറഞ്ഞു. “ആരോ അമേരിക്കൻ വജ്രങ്ങളുടെ ഒരു ബാഗ് തെരുവിൽ ഉപേക്ഷിച്ചു, അതിനെ തുടർന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അതിനുശേഷം, ആളുകൾ തെരുവിൽ വജ്രങ്ങൾ തിരയാൻ തുടങ്ങി. എന്നാൽ, വജ്ര വിപണി നേരിടുന്ന വെല്ലുവിളികളുമായി ഈ സംഭവത്തിന് ബന്ധമില്ല.” സ്ഥലത്തെ പോലീസ് ഇൻസ്‌പെക്ടർ അൽപേഷ് ഗബാനി മാധ്യമങ്ങളോട് പറഞ്ഞു. സംഗതി എന്തായാലും റോഡ് വൃത്തിയായി എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകൾ.

Advertisement