കശ്മീർ വിഷയമുന്നയിച്ച് പാക് പ്രധാനമന്ത്രി; സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതിയെന്ന് ഇന്ത്യ

യുഎന്നിൽ കശ്മീർ വിഷയം പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാകറിന് ഇന്ത്യയുടെ ശക്തമായ മറുപടി. സ്വന്തം രാജ്യത്തെ ഭീകരതാ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണു കാകർ ശ്രമിക്കേണ്ടതെന്നും കശ്മീരിന്‍റെ കാര്യത്തിൽ ഇടപെടേണ്ടെന്നും യുഎൻ പൊതുസഭാ രണ്ടാം കമ്മിറ്റിയിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ട് വ്യക്തമാക്കി.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിനെയും ലഡാഖിനെയും കുറിച്ച് പാക്കിസ്ഥാൻ അഭിപ്രായം പറയേണ്ടതില്ല. ഇവ രണ്ടും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും പെറ്റൽ ഓർമിപ്പിച്ചു.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78-ാം സെഷനിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാകര്‍ ജമ്മുകശ്മീര്‍ വിഷയം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുൾപ്പെടെ അയൽരാജ്യങ്ങളുമായി പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നെന്നും യുഎൻ മേൽനോട്ടത്തിൽ കശ്മീരിൽ ജനഹിത പരിശോധന വേണമെന്നുമായിരുന്നു കാകറിന്‍റെ പ്രസ്താവന.

സാങ്കേതികതയിൽ കടിച്ചുതൂങ്ങാതെ മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകർക്കെതിരേ നടപടിയെടുക്കുകയാണു പാക്കിസ്ഥാൻ ചെയ്യേണ്ടതെന്നു പെറ്റൽ ഗെഹ്‌ലോട്ട് തിരിച്ചടിച്ചു. 15 വർഷമായി ആക്രമണത്തിന്‍റെ ഇരകൾക്ക് പാക്കിസ്ഥാനിൽ നിന്നു നീതി ലഭിച്ചിട്ടില്ല. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ പ്രദേശമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പറയാൻ പാക്കിസ്ഥാന് ഒരു അവകാശവുമില്ല. ഇത്തരം വേദികൾ ഇന്ത്യയ്ക്കെതിരേ തെറ്റായ പ്രചാരണം നടത്താൻ ഉപയോഗിക്കുക എന്നത് പാക്കിസ്ഥാൻ പതിവാക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളും സ്ത്രീകളും കടുത്ത വിവേചനവും ആക്രമണവുമാണ് നേരിടുന്നത്. പാക്കിസ്ഥാനിലെ ജറൻവാലയിൽ അടുത്തിടെ നിരവധി ക്രിസ്ത്യൻ പള്ളികളും വീടുകളും അക്രമികൾ തീവച്ചു. മതനിന്ദ ആരോപിച്ച് ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പോലും സംരക്ഷണം നൽകുന്നില്ല. പാക്കിസ്ഥാനിൽ ഓരോ വർഷനും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആയിരത്തിലേറെ സ്ത്രീകൾ തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരകളാകുന്നുണ്ടെന്ന പാക് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പെറ്റൽ ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

Advertisement