മറയൂരിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതരപരിക്ക്

Advertisement

മറയൂര്‍. കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതരപരിക്ക്. കാന്തല്ലൂർ വണ്ണാന്തുറൈ ഗോത്രവർഗ്ഗ കോളനിയിലെ സി.മണി (34)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി എട്ടുമണിക്ക് വണ്ണാന്തുറൈക്ക് സമീപം കൊശചോലയിൽ വച്ചാണ് സംഭവം നടന്നത്. രാത്രി ചന്ദന സംരക്ഷണത്തിനായി ഈശ്വരമൂർത്തി എന്ന വാച്ചറുമൊത്ത് പട്രോളിങ് നടത്തുന്നതിനിടയിൽ മരത്തിൻ്റെ ശിഖരം ഒടിയുന്ന ശബ്ദം കേട്ടു. മോഷ്ടാക്കളാണെന്ന് കരുതി ശബ്ദം കേട്ട ഭാഗത്തേക്ക് രണ്ടു വഴിയിലായി ഇരുവരും ഓടി. എന്നാൽ മരം ഒടിച്ചു കൊണ്ടിരുന്ന ഒറ്റയാൻ്റെ മുന്നിലാണ് മണി എത്തിയത്. ഒറ്റയാൻ തുമ്പികൈ കൊണ്ട് മണിയുടെ കാലിൽ പിടിച്ച് വലിച്ചുവെങ്കിലും പിടി വിട്ട് അടുത്തുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഈശ്വര മൂർത്തി സ്റ്റേഷനിൽ വിവരം അറിയിച്ചു. മറയൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. മണിയുടെ വലതുകാലിന് പൊട്ടൽ ഉണ്ട്. വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. .

Advertisement