സന്യാസിയുടെ വധഭീഷണി: ഉദയനിധിയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു

ചെന്നൈ: സനാതന ധർമത്തെ പകർച്ച വ്യാധികളോട് ഉപമിച്ചതുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലെ സന്യാസിയിൽനിന്ന് വധഭീഷണി ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സുരക്ഷ വർധിപ്പിച്ചു. ഉദയനിധിയുടെ ചെന്നൈയിലെ വസതിക്കു മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നേരത്തെ വധഭീഷണിയിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ വെല്ലൂരിൽ സന്യാസിയുടെ കോലം കത്തിച്ചിരുന്നു.

ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് പറഞ്ഞ്, അയോധ്യയിൽ നിന്നുള്ള പരമഹംസ ആചാര്യയാണ് രംഗത്തെത്തിയത്. ആരും തയ്യാറാവുന്നില്ലെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്നും ഇയാൾ പറഞ്ഞിരുന്നു.എന്നാൽ ഭീഷണിയെ ഉദയനിധി പുച്ഛിച്ചു തള്ളി. ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും ഭയമില്ലെന്നും ഉദയനിധി പ്രതികരിച്ചു.

അതേസമയം ഉദയനിധിയുടെ പ്രസ്താവന മതനിന്ദയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 262 പേർ ചേർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. മുൻ സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ, ന്യായാധിപർ‌ എന്നിവരടങ്ങുന്ന സംഘമാണ് കത്തയച്ചത്. പരാമർശം നടത്തിയതിൽ മാപ്പു പറയാൻ തയ്യാറാവാത്ത ഉദയനിധി, അതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.

Advertisement