കുഴഞ്ഞുവീണ യുവാവിനെ പരിശോധിക്കാൻ ഡോക്ടർക്ക് നിർദേശം; പ്രസംഗം പാതിയിൽ നിർത്തി പ്രധാനമന്ത്രി– വി‍ഡിയോ

ന്യൂഡൽഹി: പൊതുപരിപാടിക്കിടെ കേൾവിക്കാരിൽ ഒരാൾ കുഴഞ്ഞുവീണതോടെ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കയും ഗ്രീസും സന്ദർശിച്ചതിനു പിന്നാലെ ഡൽഹിയി‍ൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു സംഭവം.

കനത്ത ചൂടിനിടെ യുവാവു കുഴഞ്ഞുവീണു. ഉടൻ തന്നെ പ്രസംഗം നിർത്തിയ പ്രധാനമന്ത്രി തനിക്കൊപ്പമുള്ള ഡോക്ടർമാരുടെ സംഘത്തോടു യുവാവിനെ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ ഷൂസ് അഴിച്ചുമാറ്റാനും പുറത്തെത്തിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി.

ബ്രിക്സ് കൂട്ടായ്മയിൽ പങ്കെടുക്കവേ ചന്ദ്രയാൻ– 3 ദൗത്യം വിജയകരമായതിൽ തനിക്കു നിരവധി അഭിനന്ദനങ്ങൾ ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ‘‘ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തു. ചന്ദ്രയാൻ–3ന്റെ പേരിൽ എനിക്ക് നിരവധി അഭിനന്ദനങ്ങൾ ബ്രിക്സ് കൂട്ടായ്മയിൽ നിന്നും ലഭിച്ചു. ലോകം മുഴവൻ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു’’–പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രിക്കു ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പാലം വിമാനത്താവളത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും പാർട്ടി പ്രവർത്തകരും എത്തിയിരുന്നു.

Advertisement