വിദ്യാര്‍ഥികളുടെ തൂങ്ങി മരണം ഒഴിവാക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ ചെയ്തതുകണ്ടോ

രാജസ്ഥാനില്‍ വിദ്യാര്‍ഥികളുടെ തൂങ്ങി മരണം ഒഴിവാക്കാന്‍ ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളില്‍ മാറ്റം വരുത്തിയിരിക്കയാണ് അധികൃതര്‍. ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിച്ച് ആണ് വ്യാപകമായ ആത്മഹത്യാ പ്രവണതയ്ക്ക് അധികൃതര്‍ പരിഹാരം കണ്ടത്.

വര്‍ധിച്ചു വരുന്ന വിദ്യാര്‍ഥി ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടത്തിേന്റതാണ് നടപടി.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകസഭയെ അറിയിച്ചിരുന്നു. ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുരിയാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐഐടികളില്‍ നടന്ന 33 ആത്മഹത്യകളില്‍ 17 വിദ്യാര്‍ത്ഥികളും ജനറല്‍ കാറ്റഗറിയിലുള്ളവരും ഒന്‍പത് പേര്‍ ഒബിസി വിഭാഗങ്ങളില്‍ ഉള്ളവരും ആറ് പേര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയുമാണ് ആത്മഹത്യ ചെയ്തത്. ഐഐടികളില്‍ സ്വയം ജീവനൊടുക്കിയവരില്‍ പതിനാല് പേര്‍ ഹിന്ദുമതത്തില്‍ നിന്നുള്ളവരും രണ്ടാളുകള്‍ ക്രിസ്തുമതത്തില്‍ നിന്നുള്ളവരും ഒരാള്‍ ഇസ്ലാം മതത്തില്‍ നിന്നുള്ളവരുമാണ്.

ഹിന്ദു മത വിശ്വാസികളാണ് എന്‍ഐടികളില്‍ ആത്മഹത്യ ചെയ്ത 24 പേരും . 10പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരും എട്ടുപേര്‍ ഒബിസി വിഭാഗക്കാര്യ്മ് നാലുപേര്‍ ദളിതരുമാണ്. ഒരാള്‍ ഗോത്രവിഭാഗത്തില്‍ നിന്നും ഒരാള്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാരില്‍ നിന്നുമാണ്. ഐഐഎമ്മില്‍ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരും ഒരാള്‍ ഒബിസിയും.

കലാലയങ്ങളിലെ ആകെ ആത്മഹത്യകളില്‍ അറുപത്തിയൊന്നില്‍ അന്‍പത് ആത്മഹത്യകളും ആണ്‍കുട്ടികളാണ് ചെയ്തത്. പഠനം സംബന്ധിച്ച സമ്മര്‍ദ്ദം, മാനസിക പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് കലാ-കായിക ഇനങ്ങളില്‍ പ്രോത്സാഹനം നല്‍കിവരുന്നുതോടൊപ്പം യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നടത്തണമെന്ന് യുജിസിയും എഐസിടിഇയും നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലുണ്ട്.

Advertisement