രാഹുലിന് ആശ്വാസം: സൂറത്ത് കോടതി വിധിക്ക് സ്റ്റേ, എംപി സ്ഥാനം തിരികെ കിട്ടും

ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിലെ സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിയെ തുടർന്ന് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

∙ കോടതിയുടെ നിരീക്ഷണം

സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി ആദ്യം നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചരാണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. പരാമവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ട്. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കും. 1 വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നു ജസ്റ്റിസ് ഗവായ് പറഞ്ഞു. സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോഴാണ് വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് ഗവായി പറഞ്ഞത്.

ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

∙ രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിങ്‌വി:

മോദിയെന്നതിനെ ഒരു സമുദായം പരിഗണിക്കാനാകില്ല, പരാതിക്കാർ ഹാജരാക്കിയ തെളിവുകളിൽ പ്രശ്നമുണ്ട്. പരാതിക്കാരനായ പൂർണേശ് മോദി രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളല്ല, രാഹുലിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചു വിധിയിലുണ്ട്. ബിജെപിക്കാർ നൽകിയ പരാതികളാണ് എല്ലാം. ഒരു കേസിൽ പോലും ശിക്ഷിച്ചിട്ടില്ല.

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനാണെന്നു പറഞ്ഞിട്ടില്ല. രാഹുൽ ക്രിമിനൽ അല്ല. പരമാവധി ശിക്ഷ നൽകാൻ‍ കൊലക്കേസോ ബലാൽസംഗ കേസോ അല്ല. സമൂഹത്തിന് എതിരായ കുറ്റമല്ല. എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തിരഞ്ഞെടുപ്പും സിങ്‌വി ഉന്നയിച്ചു. പിന്നാലെ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി പറഞ്ഞു.

മോദി സമുദായത്തെ അപമാനിച്ചിട്ടില്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തിരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനം.

∙ പരാതിക്കാരന്റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി:

യഥാർഥ വിഷയങ്ങൾ പറയുന്നില്ല. മനഃപൂർവം നടത്തിയ പ്രസ്താവനയാണ്. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസിൽ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തിരഞ്ഞെടുപ്പ് കമ്മിഷനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ ആവശ്യത്തിൽ ന്യായമില്ല. അദ്ദേഹം മോദിമാരെ മുഴുവൻ അവഹേളിക്കുകയായിരുന്നു. രാഹുലിന്റെ ‘ചൗക്കി ദാർ ചോർ’ എന്ന പരാമർശവും കോടതിയിൽ ഉയർത്തി. രാഹുലിനെതിരായ അപകീർത്തിക്കേസിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവും ചൂണ്ടിക്കാട്ടി.

∙ കേസ് ഇങ്ങനെ:

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരമാർശമാണ് കേസിനടിസ്ഥാനം. പൂർണേശ് മോദി നൽകിയ പരാതിയിൽ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായി. അതേസമയം, മജിസ്ട്രേട്ട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ ഇപ്പോഴും സൂറത്ത് ജില്ലാ കോടതിയിലുണ്ട്. അപ്പീലിൽ തീർപ്പുണ്ടാകുംവരെ സൂറത്ത് ജില്ലാ കോടതി രാഹുലിനു ജാമ്യം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അറസ്റ്റ് ഭീഷണിയില്ല.

Advertisement