‘മരിച്ച മാനേജറുടെ മരണ സർട്ടിഫിക്കറ്റ് ഒപ്പം വച്ച് ഒരു ജോലി അപേക്ഷ’; കണ്ണ് തള്ളി നെറ്റിസൺസ്!

നിരവധി രസകരമായ ജോലി അപേക്ഷകൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ ഈ ജോലി അപേക്ഷ അതിൽ നിന്നെല്ലാം ഒരു പടി മുന്നിലാണ്.

ആർപിജി ചെയർമാൻ ഹർഷ് ഗോയങ്ക തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ച ആ ജോലി അപേക്ഷ കണ്ട് നെറ്റിസൺസൺ അക്ഷരാർത്ഥത്തിൽ തലയിൽ കൈവച്ചു. ഹർഷ് ഗോയങ്കയുടെ ട്വീറ്റ് രണ്ട് ദിവസത്തിനുള്ളിൽ തൊണ്ണൂറ്റിയൊമ്പതിനായിരം പേരാണ് കണ്ട് കഴിഞ്ഞത്. ‘ക്രൂരനായ അപേക്ഷകൻ’ എന്നായിരുന്നു ഒരു ഉപയോക്താവ് വൈറൽ കുറിപ്പിന് താഴെ കുറിച്ചത്.

‘ഈ അപേക്ഷ എന്നെ ഒരു ബന്ധനത്തിലാക്കി!!!’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഹർഷ് ഗോയങ്ക ആ അപേക്ഷ ട്വീറ്റ് ചെയ്തത്. കമ്പനിയുടെ ടെക്‌നിക്കൽ മാനേജർ മരിച്ചതിനാൽ ആ സ്ഥാനത്തേക്ക് തൻറെ അപേക്ഷ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥി ജോലിക്കായി അപേക്ഷ നൽകിയത്. അതിനായി ആ അപേക്ഷകൻ ആരും മനസിൽ പോലും കരുതാത്ത ചില കാര്യങ്ങൾ ചെയ്തു. കമ്പനിയിലെ മരിച്ചു പോയ ടെക്‌നിക്കൽ മാനേജരുടെ മരണത്തിൽ പങ്കെടുക്കുകയും പിന്നാലെ അദ്ദേഹത്തിൻറെ മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും അത് തൻറെ അപേക്ഷയോടൊപ്പം ചേർക്കുകയുമായിരുന്നു അയാൾ ചെയ്തത്. അപ്പോഴും അത്തരമൊരു കാര്യം ചെയ്യാൻ അയാൾക്ക് കൃത്യമായ കാരണം ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.

‘നിങ്ങളുടെ കമ്പനിയിലെ ടെക്‌നിക്കൽ മാനേജരുടെ മരണത്തെ തുടർന്ന് ആ ഒഴിവിലേക്ക് ഞാൻ ജോലിക്ക് അപേക്ഷിക്കുന്നു’വെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ജോലി അപേക്ഷ തുടങ്ങുന്നത്. ‘ഓരോ തവണയും ഞാൻ ജോലിക്ക് അപേക്ഷിക്കുമ്പോൾ ‘ഒഴിവില്ല’ എന്ന മറുപടിയാണ് എനിക്ക് ലഭിക്കുന്നത്, എന്നാൽ, ഇപ്പോൾ ഞാൻ നിങ്ങളെ കൈയോടെ പിടികൂടി, നിങ്ങൾക്ക് ഒരു ഒഴികഴിവും പറയാനില്ല. കാരണം അദ്ദേഹം യഥാർത്ഥത്തിൽ മരിച്ച് ശവമടക്ക് നടത്തിയെന്ന് ഉറപ്പാക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് ഞാൻ ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. എൻറെ അപേക്ഷയോടൊപ്പം എൻറെ സിവിയുടെയും അദ്ദേഹത്തിൻറെ മരണ സർട്ടിഫിക്കറ്റിൻറെയും പകർപ്പ് കൂടി വച്ചിട്ടുണ്ട്.’ അയാൾ അപേക്ഷയിലെഴുതി.

അപേക്ഷ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം എഴുതാനെത്തിയത്. ‘ദുരന്തത്തിനിടെ അവസരം തേടുന്നു.’ എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. ‘അവൻ മിടുക്കനും സർഗ്ഗാത്മകനും അചഞ്ചലനുമാണ്. കമ്പനി അവന് വേണ്ടി നിശ്ചയിക്കുന്ന ലക്ഷ്യം അവൻ നേടും. ഒരു ജോലിക്ക് അർഹതയുണ്ട്’ എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. ‘ഒഴിവുകൾ അന്വേഷിക്കുന്നതിലെ ആ ജാഗ്രതയ്ക്ക് അയാളെ കമ്പനിയുടെ ഓഡിറ്റ് വിഭാഗത്തിലേക്ക് എടുക്കണമെന്ന്’ മറ്റൊരാൾ എഴുതി.

Advertisement