മണിപ്പൂരിനെ കുറിച്ച് ചോദിക്കുമ്പോൾ ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് പറയുന്നു; മോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു

ന്യൂ ഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എന്ന പേരിനെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഖാർഗെ ചോദിച്ചു.

‘ഇന്ത്യ’ എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയുമെല്ലാം പേരിൽ ഇന്ത്യയുണ്ടെന്നുമായിരുന്നു മോദിയുടെ വിമർശനം. ഇന്ന് ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പരാമർശം.

രാഹുൽ ഗാന്ധിയും മോദിക്ക് മറുപടിയുമായി വന്നിരുന്നു. നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം. എന്നാൽ ഞങ്ങൾ ഇന്ത്യയാണ്. മിസ്റ്റർ മോദി നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം. ഞങ്ങൾ ഇന്ത്യയാണ്. മണിപ്പൂരിന്റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും. സ്നേഹവും സന്തോഷവും പുനഃസ്ഥാപിക്കും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം പുനർനിർമിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.
 

Advertisement