ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി, ചൊവ്വാ ദോഷമെന്ന് യുവാവ്, യുവതിയുടെ ജാതകം പരിശോധിക്കാൻ കോടതി

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയെന്ന കേസിൽ യുവതിയുടെ ജാതകം പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി നിർദ്ദേശം നൽകി. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയിലാണ് നടപടി.

യുവതിക്ക് ചൊവ്വാ ദോഷമുണ്ടെന്നും അതുകൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നായിരുന്നു യുവാവിൻറെ വാദം. തുടർന്നാണ് കോടതി യുവതിക്ക് ചൊവ്വാദോഷം ഉണ്ടോയെന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രിജ് രാജ് സിംഗിൻറെ നേതൃത്തിലുള്ള ബെഞ്ച് ആണ് നിർദ്ദേശം നൽകിയത്. യുവതിക്ക് ചൊവ്വാദോഷമായതിനാൽ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ജാതകം പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.

Advertisement