2,500 രൂപയുടെ ടിക്കറ്റിന് 25,000; മണിപ്പുർ കലാപത്തിൽ വിമാനക്കമ്പനികളുടെ ‘കൊള്ള’

ന്യൂഡൽഹി: സംഘർഷാവസ്ഥ തുടരുന്ന മണിപ്പുരിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇരുട്ടടിയായി ഉയർന്ന വിമാനനിരക്ക്. ആവശ്യക്കാർ കൂടിയ സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതാണു വിനയായത്.

മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്നു കൊൽക്കത്തയിലേക്ക് 2,500 മുതൽ 5000 രൂപ വരെയാണ് പൊതുവെ വിമാനനിരക്ക്. ഇംഫാലിൽനിന്നു ഗുവാഹത്തിയിലേക്കും സമാന നിരക്കാണ്. ഇംഫാലിൽനിന്ന് കൊൽക്കത്തയിലേക്ക് 615 കി.മീ, ഗുവാഹത്തിയിലേക്ക് 269 കി.മീ എന്നിങ്ങനെയാണ് ആകാശദൂരം. മേയ് 3ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടതു മുതൽ യാത്രാനിരക്കുകളിൽ വൻ വ്യത്യാസം വന്നുതുടങ്ങി.

നിലവിൽ പല വിമാനക്കമ്പനികളും 12,000 മുതൽ 25,000 രൂപ വരെയാണ് ഇംഫാൽ – കൊൽക്കത്ത യാത്രയ്ക്ക് ഈടാക്കുന്നത്. ഇംഫാൽ – ഗുവാഹത്തി നിരക്ക് 15,000 രൂപയായി. മേയ് 12 വരെ ഇംഫാൽ – കൊൽക്കത്ത, ഇംഫാൽ – ഗുവാഹത്തി യാത്രകൾക്ക് 10,000 മുതൽ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്ന് ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ മെയ്ക്ക്മൈട്രിപ് പറയുന്നു. പല സൈറ്റിലും ഇതിലും കൂടിയ നിരക്ക് ഈടാക്കുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചാന്ദ്പുർ ജില്ലയിൽ കർഫ്യൂവിൽ ഇളവു നൽകിയിരുന്നു. ഇവിടെ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി. കലാപം നേരിടാൻ പതിനായിരത്തോളം സൈനിക, അർധ സൈനിക, പൊലീസ് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. സൈനിക ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരീക്ഷണം തുടരുന്നു.

Advertisement