വൻ ദീപാവലി സമ്മാനം നൽകി തൊഴിലാളികളെ ഞെട്ടിച്ച് ഒരു മുതലാളി, പൊട്ടിക്കരഞ്ഞ് തൊഴിലാളികൾ

രാജ്യത്തെ ഏറ്റവും സവിശേഷമായ ഉത്സവമാണ് ദീപാവലി. ഇത്തവണത്തെ ദീപാവലി ഉത്സവം ഇങ്ങെത്തിയിരിക്കുകയാണ്. ഈ ദീപാവലിക്ക് ആരുടെയും കണ്ണ് ആനന്ദക്കണ്ണീരിനാൽ നനയ്ക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നൽകി തന്റെ ജീവനക്കാരെ ഞെട്ടിച്ച ചെന്നൈയിലെ ഒരു വ്യവസായിയുടെ വാർത്തയാണിത്. തൊഴിലാളികളിൽ 10 പേർക്ക് കാറും 20 പേർക്ക് ബൈക്കും സമ്മാനമായി ലഭിച്ചു.

ചെന്നൈയിലെ ചലനി ജ്വല്ലറി ഉടമയായ ജയന്തി ലാൽ ചായന്തിയാണ് തൻറെ തൊഴിലാളികളെ അമ്പരപ്പിക്കുന്ന സമ്മാനം നൽകി ഞെട്ടിച്ചത്. ജ്വല്ലറി ഉടമ കുടുംബമായി കരുതുന്ന സഹപ്രവർത്തകർക്ക് 10 കാറുകളും 20 ബൈക്കുകളും സമ്മാനമായി നൽകി. അപ്രതീക്ഷിത സമ്മാനത്തെ തുടർന്ന് ചലനി ജ്വല്ലറിയിലെ ജീവനക്കാരിൽ ചിലർന്ന് അമ്പരന്ന് കരയുകയും സന്തോഷാശ്രുക്കൾ പൊഴിക്കുകയും ചെയ്‍തു.

“ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുമാണ്. എന്റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്‍തു..” ജയന്തി ലാൽ പറഞ്ഞു.

“അവർ വെറും ജോലിക്കാരല്ല, എന്റെ കുടുംബമാണ്. അതിനാൽ, അവർക്ക് അത്തരം സർപ്രൈസുകൾ നൽകി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതിന് ശേഷം ഞാൻ നിറഞ്ഞ ഹൃദയത്തോടെ സന്തോഷിക്കുന്നു. ഓരോ ഉടമയും അവരുടെ ജീവനക്കാരെയും സഹപ്രവർത്തകരെയും സമ്മാനങ്ങൾ നൽകി ബഹുമാനിക്കണം..” ജയന്തി ലാൽ വ്യക്തമാക്കുന്നു.

ഹോണ്ടയുടെ ബൈക്കും സ്‌കൂട്ടറുകളും മാരുതി സുസുക്കി കാറുകളുമാണ് ജീവനക്കാർക്ക് സമ്മാനിച്ചത്.’ഞങ്ങളുടെ ഓർഗനൈസേഷനിൽ ഞങ്ങൾക്ക് ഒരു പ്രത്യേക ഡിഎൻഎ ഉണ്ട്. ഒരു ഉപഭോക്താവോ ജീവനക്കാരനോ ഞങ്ങളെ സന്ദർശിക്കുമ്പോഴെല്ലാം, അവർ അത് നിരുപാധികം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു’- ചലാനി ജ്വല്ലറി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ദീപാവലി ദിനത്തിൽ വലിയ സമ്മാനം നൽകി ജീവനക്കാരെ ഞെട്ടിച്ച ആദ്യത്തെ മുതലാളിയല്ല ജയന്തിലാൽ ചായന്തി. നേരത്തെ, സൂറത്ത് ആസ്ഥാനമായുള്ള വജ്ര വ്യവസായി സാവ്ജി ധോലാകിയ തന്റെ ജീവനക്കാർക്ക് ഫ്‌ലാറ്റുകളും കാറുകളും സമ്മാനങ്ങൾ നൽകി തൊഴിലാളികളെ ഞെട്ടിച്ചിരുന്നു.

Advertisement