മത്സരിക്കരുതെന്ന് തരൂരിനോട് ആവശ്യപ്പെട്ട് തിവാരി

ന്യൂഡൽഹി: നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തും സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും രണ്ട് വർഷം മുൻപ് രംഗത്തുവന്ന തിരുത്തൽവാദി സംഘം (ജി 23) മല്ലികാർജുൻ ഖർഗെയെ പിന്തുണച്ചത് കോൺഗ്രസിൽ ചൂടേറിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുന്നത്. സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൈവിട്ടാണ് ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചൗഹാൻ എന്നിവർ ഖർഗെയ്ക്കൊപ്പം നിന്നത്.

തിരഞ്ഞെടുപ്പ് ഒഴിവാക്കി അഭിപ്രായ ഐക്യത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് തിവാരി പറഞ്ഞതും ശ്രദ്ധേയമായി. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടുയർത്തി രൂപം കൊണ്ട സംഘമാണ് ഒത്തുതീർപ്പ് മതിയെന്നു പറഞ്ഞ് മലക്കംമറിഞ്ഞത്. തുടക്കത്തിൽ 23 പേരുണ്ടായിരുന്ന സംഘം കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവർ പാർട്ടി വിട്ടതോടെ ദുർബലമായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങിയെങ്കിലും ജി 23 എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

ജി 23 സംഘത്തിന്റെയാളല്ല, എല്ലാവരുടെയും പ്രതിനിധിയാണെന്ന് വ്യക്തമാക്കിയാണ് തരൂർ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്. ആരു മത്സരിച്ചാലും സ്ഥാനാർഥിയാകുന്നത് തിവാരി മുൻപ് പരിഗണിച്ചിരുന്നു. അദ്ദേഹം പിന്നാക്കം പോയി.

ദയനീയമായി തോൽക്കേണ്ടി വരുമെന്നും മത്സരിക്കരുതെന്നും പറഞ്ഞ് ഏതാനും ദിവസം മുൻപ് തിവാരി തരൂരിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ, മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന് തരൂർ പ്രതികരിച്ചു.

ദിഗ്‍വിജയ് സിങ്ങിനെ സ്ഥാനാർഥിയാക്കാൻ പിന്നാലെ ഹൈക്കമാൻഡ് നീക്കം നടത്തിയത് ജി 23 സംഘത്തെ അസ്വസ്ഥരാക്കി. സംഘത്തിൽ പലരും ദിഗ്‍വിജയിന്റെ ശത്രുപക്ഷത്താണ്. അദ്ദേഹമല്ലാതെ മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കിയാൽ പിന്തുണയ്ക്കാമെന്ന് അവർ നേതൃത്വത്തെ അറിയിച്ചു. നേതൃത്വം ഖർഗെയെ മുന്നോട്ടുവച്ച് ജി 23 സംഘത്തിന്റെ പിന്തുണയുറപ്പാക്കി.

Advertisement