മോദിക്ക് ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കാം… അയോധ്യയില്‍ നിന്നുള്ളപുണ്യമണ്ണ് അടങ്ങിയ അമൃത കലശം ഉള്‍പ്പെടെ ലേലത്തിന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും ഉപഹാരങ്ങളുടെയും ലേലം അദ്ദേഹതിന്റെ പിറന്നാള്‍ ദിനത്തില്‍ തുടങ്ങും. സെപ്റ്റംബര്‍ 17ന് ആണ് മോദിയുടെ ജന്മദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച ഉപഹാരങ്ങളും മൊമന്റോകളുമാണ് ലേലത്തിന് വയ്ക്കുന്നത്. അതിമനോഹരമായ പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളും ലേലത്തിനുണ്ട്.

ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് ജഴ്‌സികളുമുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച റാണി കമലാ പതിയുടെ പ്രതിമയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സമ്മാനിച്ച ത്രിശൂലവും അയോധ്യയില്‍ നിന്നുള്ള പുണ്യമണ്ണ് അടങ്ങിയ അമൃത കലശവും മറ്റ് ചില ആകര്‍ഷണങ്ങളാണ്. ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന്, 2022 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 2 നും ഇടയില്‍ ഈ ലിങ്കില്‍-  https://pmmementos.gov.in/ – ലേക്ക് ലോഗിന്‍ ചെയ്യാം. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗ ശുദ്ധീകരണ പദ്ധതിയിലേക്കാണ് നല്‍കുക.

Advertisement