വായ്പ ആപ്പുകൾക്ക് മാർ​​​ഗ നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക്

മുംബൈ: വായ്പ എടുക്കുന്നുവരുടെയും ഇടപാടുകാരുടെയും വിവരങ്ങൾ സംരക്ഷിക്കുന്നതിനും അവ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനുമായി ബാങ്കുകൾ ഉൾപ്പെടെ എല്ലാ വായ്പാദാതാക്കൾക്കുമായി റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
പുതിയ നിർദ്ദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

നവംബർ 30നകം എല്ലാ ധനകാര്യ സ്ഥാപനങ്ങളും മാർഗനിർദ്ദേശങ്ങൾ നടപ്പാക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശ പ്രകാരം നിയന്ത്രിത സ്ഥാപനങ്ങൾക്ക് (റെഗുലേറ്റഡ് എന്റിന്റീസ് – ആർഇ) നിർദ്ദിഷ്ട വിവരങ്ങളല്ലാതെ വായ്പ എടുക്കുന്നവരുടെ മറ്റൊരു വിവരവും സൂക്ഷിക്കാൻ കഴിയില്ല.

ഈ വിജ്ഞാപനത്തിൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾ വിജ്ഞാപനം പുറത്തിറക്കിയ തീയതി മുതൽ ‘പുതിയ വായ്പകൾ എടുക്കുന്ന നിലവിലുള്ള ഉപഭോക്താക്കൾക്കും’ ‘പുതിയ ഉപഭോക്താക്കൾക്കും’ ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ നിർദ്ദേശങ്ങൾ സുഗമമായി നടപ്പാക്കാൻ 2022 നവംബർ 30 വരെ സമയം നൽകുമെന്നും വിജ്ഞാപനത്തിൽ ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്‌, വായ്പാ സേവന ദാതാക്കൾ (LPS) അല്ലെങ്കിൽ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ (DLA) എന്നിവ ഉപഭോക്താക്കളുടെ അടിസ്ഥാന വിവരങ്ങൾ ഒഴികെ, കടം വാങ്ങുന്നയാളുടെ സ്വകാര്യ വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്ന് ആർഇകൾ ഉറപ്പാക്കേണ്ടതുണ്ട്. അതായത് ഉപഭോക്താവിന്റെ പേര്, വിലാസം, ഉപഭോക്താവുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡാറ്റകളുടെ സ്വകാര്യതയും ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയും സംബന്ധിച്ച ഉത്തരവാദിത്തം RE-യുടേതായിരിക്കും.

എല്ലാ ഡാറ്റയും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ മാത്രമേ സൂക്ഷിക്കാവൂ എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. വായ്പ എടുക്കുന്നയാളുടെ മുൻകൂർ അനുമതിയോടെയാണ് വിവരശേഖരണം നടത്തുന്നതെന്ന് ആർഇകൾ ഉറപ്പാക്കും. ഏത് സാഹചര്യത്തിലും, ഫയൽ, മീഡിയ, കോൺടാക്റ്റ് ലിസ്റ്റ്, കോൾ ലോഗുകൾ, തുടങ്ങിയ മൊബൈൽ ഫോൺ സോഴ്സുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡിജിറ്റൽ വായ്പാ ആപ്പുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയവ ഒറ്റത്തവണ ആക്‌സസ് ചെയ്യാൻ മാത്രമേ അനുവദിക്കൂ. വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം കടം എടുക്കുന്നയാളുടേതായിരിക്കും.

എല്ലാ ഡിജിറ്റൽ വായ്പകൾക്കുമുള്ള കരാർ നടപ്പിലാക്കുന്നതിന് മുമ്പ് നിയന്ത്രിത സ്ഥാപനങ്ങൾ വായ്പ എടുക്കുന്നയാൾക്ക് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (കെഎഫ്‌എസ്) നൽകേണ്ടതുണ്ട്. എല്ലാ വാണിജ്യ ബാങ്കുകൾക്കും പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും ഭവന ധനകാര്യ കമ്പനികൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ച്‌ വിലയിരുത്തൽ നടത്താൻ ആർബിഐ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചും ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങൾ പുറത്തിറക്കാൻ ആ‍ർബിഐ തീരുമാനിച്ചത്.

Advertisement