നിപ്പയിൽ ഹൈക്കോടതി; ശബരിമല തീർഥാടകർക്കായി മാർഗനിർദേശം വേണം

കൊച്ചി: നിപ്പ വ്യാപനത്തിനിടെ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാൾ നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം.

ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളിൽ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ തീർഥാടകരുടെ വെർച്വൽ ക്യൂ സംവിധാനത്തിൽ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകൾക്കായി ഉള്ളത്.

ഇതിനിടെ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. മുഹമ്മദിന്റെ കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്.

Advertisement