മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പ് ഭീഷണി, കോഴിക്കോട്ട് യുവതിയുടെ ആത്മഹത്യാശ്രമം

കോഴിക്കോട്: കുറ്റ്യാടിയിൽ ലോൺ തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആവശ്യക്കാർക്ക് ലോൺ നൽകുമെന്ന് ഫോണിൽ വന്ന അറിയിപ്പ് കണ്ടാണ് കുറ്റ്യാടി ഊരത്ത് സ്വദേശിനി ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് പണം കടമെടുത്തത്. ചെറിയ തുകകൾ ആദ്യം നൽകിയ ശേഷം പിന്നീട് മറ്റൊരു ആപ്പിന്റെ ലിങ്ക് അയച്ച് കൊടുക്കുന്നു. ഇങ്ങനെ നാല് ആപ്പുകളിൽ നിന്നായി പതിനായിരത്തിൽ താഴെയാണ് യുവതി കടമായെടുത്തത്. പിന്നാലെ തട്ടിപ്പുകാർ പണം തിരിച്ചാവശ്യപ്പെട്ടു. കൂടുതൽ അടയ്ക്കാൻ യുവതി തയ്യാറാവാതിരുന്നപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയായതോടെ സ്വർണം വിറ്റടക്കം ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. പിന്നീടും പണമാവശ്യപ്പെട്ടതോടെയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പലപ്പോഴായി പണമടച്ചതിന്റെ രേഖകൾ യുവതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണം അടക്കുന്നതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സന്ദേശങ്ങൾ വന്ന നന്പറിൽ പിന്നീട് ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സംഭവത്തിൽ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Advertisement