പത്തു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി ഡൽഹിയിൽ മരിച്ചു

ന്യൂഡൽഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി മരണപ്പെട്ടതിന്റെ ആഘാതത്തിൽ ഡൽഹി മലയാളി സമൂഹം.

പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറച്ചു ദിവസങ്ങളായി അജിത് കുമാർ താമസിച്ച വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മാസങ്ങളായി വാടകയും ഇയാൾ നൽകിയിരുന്നില്ല. അജിതിനെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തിൽ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് വീട് വിട്ടുപോയ അജിത് കുമാർ ഈയടുത്താണ് നാട്ടിലേക്ക് ഫോൺ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. എന്നാൽ കുറച്ച്‌ നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. അധികം ആരോടും ഇയാൾ സഹകരിച്ചിരുന്നുമില്ല.

Advertisement