കുന്നത്തൂർ സ്വദേശിയെ താമരശ്ശേരി ചുരത്തിൽ മരിച്ച നിലയിൽ കണ്ടതില്‍ ദുരൂഹത

കുന്നത്തൂർ (കൊല്ലം) : കുന്നത്തൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.കൊല്ലം കുന്നത്തൂർ ഈസ്റ്റ് രാജേഷ് ഭവനിൽ രാജു – രാധ ദമ്പതികളുടെ മകൻ രാജേഷ്(38) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇയ്യാളെ മരിച്ച നിലയിൽ താമരശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം മുപ്പതടിയോളം താഴേ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഉണങ്ങിയ പുല്ലിന് മുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിനു സമീപത്തു നിന്നും ബാഗും ലഭിച്ചിരുന്നു.ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് വിവരം താമരശ്ശേരി പോലീസിൽ അറിയിച്ചത്.

ആദ്യം അജ്‌ഞാത മൃതദേഹം എന്ന നിലയിലാണ് വാർത്ത പ്രചരിച്ചത്. പോക്കറ്റിൽ നിന്നും ലഭിച്ച
മൊബൈൽ ഫോൺ സൈബർ സെൽ വഴി പരിശോധിച്ചാണ് മരിച്ചത് കൊല്ലം കുന്നത്തൂർ സ്വദേശിയാണെന്ന് മനസിലാക്കിയത്.രാത്രിയോടെ താമരശ്ശേരി പോലീസ് വിവരം കൊല്ലം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് മൃതദേഹത്തിന്റെ ഫോട്ടോ സഹിതം കൈമാറിയിരുന്നു.

മുൻപ് വിദേശത്തായിരുന്ന രാജേഷ് പത്തനംതിട്ടയിൽ വെൽഡറായി ജോലി നോക്കി വരികയായിരുന്നു.ഇടയ്ക്കിടെ വയനാട് കൽപ്പറ്റയിലും ജോലിക്ക് പോകുമായിരുന്നു.മടക്ക യാത്രയിൽ ക്ഷീണിതനായി ചുരത്തോട് ചേർന്നുള്ള കലുങ്കിൽ ഇരിക്കുകയും പിന്നീട് എണീറ്റപ്പോൾ ഭാരമുള്ള ബാഗ് എടുക്കവേ ചുരത്തിലേക്ക് വീണ് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ല് തകർന്നാണ് മരണം സംഭവിച്ചതെന്നും പോലീസ് പറയുന്നു.


കൊലപാതകമോ മറ്റോ ആണെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.അതിനിടെ പോലീസ് പുറത്തുവിട്ട ചിത്രത്തിൽ രാജേഷിന്റെ ഇടത് കണ്ണ് പാതി തുറന്നും പുറത്തേക്ക് തള്ളിയ നിലയിലുമാണ്.ഇത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ഇന്നലെ രാത്രിയോടെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബന്ധുക്കൾ താമരശ്ശേരിയിൽ എത്തിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്കു ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കാനാണ് തീരുമാനം.

Advertisement