കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ മധുര ഗുരുവായൂർ മധുര ട്രെയിൻ നമ്പർ 16327/ 16328 തീവണ്ടിയിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് ഉത്തരവ് ആയതായി എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ 22.10.2026 മുതൽ 15.1.2027 വരെ വ്യാഴം, വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ മധുരയിൽ നിന്നും പുറപ്പെടുന്ന തീവണ്ടിയിലും 23.10.2026 മുതൽ 16.1.2027 വരെ വെള്ളി, ശനി, ഞായർ,തിങ്കൾ ദിവസങ്ങളിൽ ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന തീവണ്ടിയിലും വിസ്റ്റാഡോം കോച്ചുകൾ ഉണ്ടാവും.
പ്രകൃതി സൗന്ദര്യം കൊണ്ടും ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കൊല്ലം ചെങ്കോട്ട തീവണ്ടി പാതയിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നിരന്തരമായ ആവശ്യത്തിന് ഫലം കണ്ടിരിക്കുന്നു. ഈ മേഖലയെ വിദേശികൾ ഉൾപ്പെടെ സഞ്ചാരികളെ എത്തിക്കാൻ കറങ്ങുന്ന സീറ്റുകളും പുറത്തെ ദൃശ്യങ്ങൾ കാണാൻ കഴിയുന്ന പ്രത്യേക സംവിധാനം ഉൾപ്പെടെ വിനോദസഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്ന കോച്ചുകളാണ് വിസ്റ്റാഡോം കോച്ച്. കൊല്ലം ചെങ്കോട്ട തീവണ്ടി പാതയ്ക്ക് സമീപപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് വിസ്റ്റാഡോം കോച്ച്. ദക്ഷിണ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ മധുരയേയും ഗുരുവായൂരിനെയും ബന്ധിപ്പിക്കുന്ന തീവണ്ടിയിലെ വിസ്റ്റാഡോം കോച്ചുകൾ വളരെയേറെ ഗുണകരമാണ് . നീണ്ട നാളത്തെ നിരന്തരമായ ആവശ്യം അംഗീകരിച്ച് വിസ്റ്റാഡോം കോച്ച് അനുവദിച്ച നടപടിയെ എൻ കെ പ്രേമചന്ദ്രൻ എം പി സ്വാഗതം ചെയ്തു.
ഒരു ദശാബ്ദ കാലത്തിലേറെയായി നടത്തിയ നിരന്തരമായ ആവശ്യം അംഗീകരിച്ച് അനുവദിച്ച വിസ്റ്റാഡോം കോച്ചുകൾ യാത്രക്കാരും സഞ്ചാരികളും പരമാവധി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും
എല്ലാദിവസവും തുടർച്ചയായി വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിച്ച തീവണ്ടി സർവീസ് നടത്തണമെന്നും എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു



























