കൊല്ലം: സെന്‍സസുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. സെന്‍സസ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പൊതുജനങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണ്. വിവരശേഖരണത്തിന്റെ ഭാഗമായി സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ വരാനും കെട്ടിടങ്ങളില്‍ നമ്പറുകളും അടയാളങ്ങള്‍ പതിപ്പിക്കാനും അധികാരമുണ്ട്. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സെന്‍സസ് ഷെഡ്യൂള്‍ ഫോമുകള്‍ ഉടമസ്ഥര്‍ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം
സെന്‍സസ് രേഖകള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ല. സെന്‍സസ് നിയമപ്രകാരമുള്ള കേസുകളിലല്ലാതെ മറ്റ് സിവില്‍/ക്രിമിനല്‍ കോടതി നടപടികളില്‍ ഇവ തെളിവായി സ്വീകരിക്കില്ല.
ഔദ്യോഗിക ജോലി ചെയ്യാന്‍ തടസംനില്‍ക്കുക, മനഃപൂര്‍വം തെറ്റായവിവരങ്ങള്‍ നല്‍കുക, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കുക, സെന്‍സസ് നമ്പറുകളോ അടയാളങ്ങളോ മായ്ക്കുകയോ കേടുവരുത്തുകയോ ചെയ്യുക, സെന്‍സസ് ഓഫീസിലേക്ക് അതിക്രമിച്ചു കയറുക എന്നിവ പിഴയീടാക്കാവുന്ന കുറ്റങ്ങളാണ്. ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ തടസ്സം നില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.




























