27.5 C
Kollam
Thursday 16th July, 2026 | 05:02:31 PM
Home News Local ഒരേസമയം വിദ്യാര്‍ഥി നേതാവും അധ്യാപക സംഘടനാ നേതാവും,സ്കൂള്‍ മാനേജരും അധ്യാപകനും രസകരമായ ഒരു സര്‍വീസ് കാലം,...

ഒരേസമയം വിദ്യാര്‍ഥി നേതാവും അധ്യാപക സംഘടനാ നേതാവും,സ്കൂള്‍ മാനേജരും അധ്യാപകനും രസകരമായ ഒരു സര്‍വീസ് കാലം, കല്ലട ഗിരീഷ് സർവീസിൽ നിന്നും വിരമിക്കുന്നു

ശാസ്താംകോട്ട.മൈനാഗപ്പള്ളി മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനായ കല്ലട ഗിരീഷ് ഈ മാസം 31ന് തീയതി സർവീസിൽ നിന്നും വിരമിക്കുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതം അവസാനിക്കുകയാണ്. ഇപ്പോൾ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായും മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ ആയും വെസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ഉള്ള ചുമതലകൾ കല്ലട ഗിരീഷ് വഹിക്കുന്നുണ്ട്.
ഇതോടൊപ്പം കെ പി എസ് ടി എ യുടെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കെഎസ്‌യുവിന്റെ കുന്നത്തൂർ താലൂക്ക് പ്രസിഡണ്ടായി പ്രവർത്തിക്കുമ്പോൾ സർവീസിൽ പ്രവേശിച്ച കല്ലട ഗിരീഷ് അതേ സമയം തന്നെ അധ്യാപക സംഘടനയുടെയും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏഴുവര്‍ഷമാണ് കെഎസ് യു ഭാരവാഹിയും അധ്യാപകനുമായി ഗിരീഷ് തുടര്‍ന്നത്. അത് ഗിരീഷിന്‍റെ കുറ്റമായിരുന്നില്ല, പാര്‍ട്ടി നല്‍കിയ ചുമതലയില്‍നിന്നും രാജി വയ്ക്കേണ്ട എന്നായിരുന്നു നിര്‍ദ്ദേശം, ഗ്രൂപ്പ് പ്രശ്നമായിരുന്നു കാരണമെന്ന് പിന്നാമ്പുറകഥയുണ്ട്.

PSTA യുടെ ചവറ ഉപജില്ലാ പ്രസിഡന്റായും കൊല്ലം ജില്ലാ വൈസ് പ്രസിഡന്റാ യും കെ പി എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കെ പി എസ് ടി എയുടെ സംസ്ഥാന ഭാരവാഹിത്വം വഹിക്കുമ്പോൾ തന്നെ കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്നു. വിപരീത ദിശയിൽ സഞ്ചരിക്കുന്ന വ്യത്യസ്ത സ്വഭാവമുള്ള ചുമതലകൾ,മേഖലകൾ ഇവ ഒരേസമയം കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ തന്‍റേതായ മെയ് വഴക്കമാണ് ഗിരീഷിന് തുണയായത്.

മികച്ച സംഘാടകനാണെന്ന് അദ്ദേഹം വഹിച്ചതും വഹിക്കുന്നതുമായ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കെഎസ്‌യു കുന്നത്തൂർ താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കോളേജ് യൂണിയൻ ഭാരവാഹി കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സാംസ്കാരിക-സാഹിത്യ സംഘടനയായ മാനവ സംസ്കൃതിയുടെ കുന്നത്തൂർ താലൂക്ക് ചെയർമാനായും കൊല്ലം ജില്ലാ ചെയർമാനായി ഇപ്പോൾ സംസ്ഥാന വൈസ് ചെയർമാനായി പ്രവർത്തിച്ചുവരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(DTPC ) നിർവാഹക സമിതി അംഗമായും ടെലികോം അഡ്വൈസറി ബോർഡ് മെമ്പറായും (TAC ) പ്രവർത്തിച്ചിട്ടുണ്ട് മൈനാഗപ്പള്ളി മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപകനായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിക്കുമ്പോൾ തന്നെ മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യുപി സ്കൂളിന്റെ മാനേജർ എന്ന നിലയിലും പ്രവർത്തിക്കുന്നു. പടിഞ്ഞാറേ കല്ലട തലയണകാവ് ശ്രീ ശിവപാർവതി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.