Home News Local വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Advertisement

ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്ക് സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായി 11 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കും. സെന്റ് അലോഷ്യസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ സെക്ഷന്‍ ഓഫീസ് ബില്‍ഡിംഗില്‍ കരുനാഗപ്പള്ളി മണ്ഡലത്തിലെയും, ഹൈസ്‌കൂള്‍ സെക്ഷന്‍ പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചവറ മണ്ഡലത്തിലെയും ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ പത്തനാപുരം, പുനലൂര്‍ മണ്ഡലങ്ങളിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് ഒന്നാം നിലയില്‍ ഇരവിപുരം മണ്ഡലത്തിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് താഴത്തെ നിലയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ നടക്കും. ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ തെക്ക് ഭാഗത്ത് കുന്നത്തൂര്‍ മണ്ഡലത്തിലെയും ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെയും ഹൈസ്‌കൂള്‍ ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള പൊലീസ്, കേന്ദ്ര സേന എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷ. റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ കൗണ്ടിംഗ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ. മീഡിയ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും ഒഴികെ മറ്റാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. മറ്റുള്ളവര്‍ മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പുറത്ത് സജ്ജീകരിച്ച ക്ലോക്ക് റൂമിലെ കൗണ്ടറുകളില്‍ ഏല്‍പ്പിക്കണം. സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തുന്നവരുടെ ക്ലോക്ക് റൂമായി റോഡിന് എതിര്‍വശത്തുള്ള ട്രിനിറ്റി ലൈസിയം സ്‌കൂളും ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലോക്ക് റൂമായി സമീപത്തുള്ള മാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഏജന്റുമാര്‍ ക്യു.ആര്‍ അധിഷ്ഠിത ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ധരിക്കുകയും വോട്ടെണ്ണലിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹാജരായി നിയമന ഉത്തരവിന്റെ (ഫോം 18) രണ്ടാം പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. വോട്ടെണ്ണല്‍ ഹാളുകളില്‍ സജ്ജീകരിച്ച ബാരിക്കേഡിന് പിന്നിലുള്ള നിശ്ചിത സ്ഥലങ്ങളില്‍നിന്ന് നടപടികള്‍ വീക്ഷിക്കാം. ഏഴു മണിക്ക് മുമ്പ് പ്രവേശിക്കാന്‍ ശ്രമിക്കണം.
ആഹ്ലാദ പ്രകടനങ്ങള്‍ സംയമനത്തോടെ സ്വയം നിയന്ത്രിച്ച് പൊലീസ് നിര്‍ദ്ദേശിക്കുന്ന പ്രകാരം നടത്താം. രണ്ടു ദിവസങ്ങളില്‍ നഗരപരിധിയില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. അധിക നിരീക്ഷണത്തിന് പെറ്റ് സി ക്യാമറകള്‍, ഡ്രോണുകള്‍ എന്നിവയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരത്തും ഏര്‍പ്പെടുത്തി. ജില്ലാ ആസ്ഥാനമായ കലക്ട്രേറ്റില്‍ തിരഞ്ഞെടുപ്പ് ഫലം പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here