ഈ ഈവിയെന്താ കലോല്‍സവക്കാരേ കൊല്ലം കാരനല്ലേ

കൊല്ലം. ദേശിംഗനാട്ടുവച്ച് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള നടക്കുമ്പോള്‍ കൊല്ലം ജില്ലയിലെ പ്രമുഖ സാഹിത്യകാരന്മാരെ വേദികള്‍ക്ക് പേരു നല്‍കുന്നതിലൂടെ അനുസ്മരിച്ച സംഘാടകര്‍ ഈവി കൃഷ്ണപിള്ളയെ മറന്നതായി ആക്ഷേപം. ജില്ലയിലെ കുന്നത്തൂരില്‍ ജനിച്ച പത്രാധിപരും സാഹിത്യകാരനുമായ ഈവിയെ ഒരു വേദിയുടെ പേരായിപോലും ആരുമോര്‍ത്തില്ലെന്നതാണ് പരാതി. ജില്ലയിലെ പിന്‍തലമുറയിലെപോലും പ്രമുഖരെ വേദികളിലൂടെ അനുസ്മരിച്ച് ആദരിച്ചപ്പോഴാണ് ഈവിയെ മറന്നത്.

സംഘാടകരില്‍പ്രമുഖരായ എം എ ബേബിയും എം മുകേഷ് എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പികെ ഗോപനും ഈവിയുടെ പേരിലുള്ള സാഹിത്യ അവാര്‍ഡ് നേടിയവരുമാണെന്നതാണ് രസകരം. കുന്നത്തൂരിലെ പിറവി സാംസ്കാരിക സമിതി നല്‍കുന്ന ഈവി പുരസ്കാരം വലിയ ചടങ്ങില്‍ പങ്കെടുത്ത് വാങ്ങിയവരാണ് ഇരുവരും. സംഘാടകരെന്ന നിലയില്‍ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും കുണ്ടറയിലെ എംഎല്‍എ ആണെങ്കിലും കുന്നത്തൂരുകാരനായ പിസി വിഷ്ണുനാഥും ഉണ്ടെന്നതും ആ അവഗണനയുടെ കാഠിന്യം വെളിവാക്കുന്നു.

ഈവി സാംസ്കാരിക സമിതി പ്രസിഡന്റും കലാപ്രവര്‍ത്തകനുമായ ജി നകുലകുമാര്‍ ഫേസ്ബുക്കിലൂടെ നാടിന്‍റെ രോഷം അറിയിച്ചിട്ടുണ്ട്.

Advertisement