നാടിന്റെ നൊമ്പരമായി വെട്ടിക്കാട്ട് ചന്ദ്രശേഖരന്റെ വിയോഗം

ശാസ്താംകോട്ട: വെട്ടിക്കാട്ട് ചന്ദ്രശേഖരന്റെ വിയോഗം നാടിന്റെ നൊമ്പരമായി. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ചരിഞ്ഞ ചന്ദ്രശേഖരന്‍ വെട്ടിക്കാട്ട് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ഗജവീരന്‍ എന്നതിനപ്പുറം മൈനാഗപ്പള്ളി ഗ്രാമത്തിന്റെ ഹൃദയ വായ്പായിരുന്നു. ആന
പ്രേമികളുടെയും സ്‌നേഹഭാജനം. നൂറു കണക്കിനാളുകളാണ് ചന്ദ്രശേഖരന്റെ ഫാന്‍സ് ലിസ്റ്റിലുള്ളത്. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ചന്ദ്രശേഖരന്റെ അപ്രതീക്ഷിത വേര്‍പാട്. ചന്ദ്രശേഖരന്റെ പെട്ടന്നുണ്ടായ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്.
മുപ്പതാമത്തെ വയസ്സില്‍ 1988-ലാണ് വെട്ടിക്കാട്ട് മഹാദേവന്റെ മുന്‍പില്‍ ചന്ദ്രശേഖരന്‍ എത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ലക്ഷണമൊത്ത തലയെടുപ്പുള്ള ശാന്തസ്വരൂപനായ ഗജരാജനായിരുന്നു. കോടനാട് ആന കളരിയില്‍ നിന്ന് ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ചന്ദ്രന്‍ പിള്ളയാണ് ആദ്യമായി ആനയെ വാങ്ങുന്നത്. അവിടെ നിന്നാണ് വെട്ടിക്കാട്ട് ക്ഷേത്രത്തിലെത്തുന്നത്.

ചന്ദ്രശേഖരന്റെ മൃതദേഹം ശാസ്താംകോട്ടയിലെത്തിച്ചപ്പോൾ

മലയാലപ്പുഴ രാജന് ശേഷം ശബരിമല അയ്യപ്പന്റെ തിടമ്പേറ്റിയ
ഗജകേസരി എന്ന പ്രത്യേകതയും ചന്ദ്രശേഖരനുണ്ട്. ഒരു മാസം മുമ്പ് വേങ്ങ ചിറക്കര മൂത്തോട്ടില്‍ മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനും എഴുന്നള്ളിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആണ് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയത്. പോകുമ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഭൗതികശരീരം രാത്രിയില്‍ വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ എത്തിച്ചു. ശനിയാഴ്ച രാവിലെ 10 വരെ ക്ഷേത്രത്തില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് കോന്നിയില്‍ എത്തിച്ച് സംസ്‌ക്കരിക്കും.

Advertisement